ജനീവ: ലോകത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെ മനുഷ്യ സമുഹത്തിന്റെ പൊതു ശത്രുവാണെന്ന് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. ഡബ്ല്യൂ എച്ച് ഒ മേധാവി ടെഡ്റോസ് അധാനോം ഖെബ്രിയേസുസാണ് മുന്നറിയിപ്പുമായി വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. കൊറോണ ബാധ ശക്തമായി ബാധിക്കാനിരിക്കുന്നേയുള്ളു വെന്നും ഖെബ്രിയേസുസസ് പറഞ്ഞു. ലോക്ഡൗണ്‍ അയവുവരുത്താന്‍ രാജ്യങ്ങള്‍ ശ്രമിക്കരുതെന്നും സംഘടന നിര്‍ദ്ദേശം നല്കി.
നിലവില്‍ ലോകത്തിലെ 25 ലക്ഷം ജനങ്ങളെയാണ് കൊറോണ ബാധിച്ചിരിക്കുന്നത് 1,66,000 പേര് മരണത്തിന് കീഴടങ്ങി. ആഫ്രിക്കയിലെ വ്യാപനമാണ് ലോകാരോഗ്യ സംഘടന ഏറെ ഗൗരവപൂര്‍ണ്ണം പരിഗണിക്കുന്നതെന്നും മികച്ച ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കുറവ് അവിടെ മരണസംഖ്യകൂട്ടിയേക്കാമെന്ന ആശങ്കയും ഖെബ്രിയേസുസ് പങ്കുവച്ചു.
ലോകം കരുതിയിരിക്കണം. അതീവ ഗുരുതരാവസ്ഥ വരാനിരിക്കുന്നേയുള്ളു. ഈ വൈറസിനെ ഇതുവരെ പലരും മനസ്സിലാക്കിയിട്ടില്ല. ചില ഏഷ്യന്‍ രാജ്യങ്ങള്‍ ലോക്ഡൗണില്‍ അയവുവരുത്തിയിരിക്കുകയാണ്. എളുപ്പം പരിഹരിക്കാവുന്ന വിഷയമല്ല വൈറസ് വ്യാപനമെന്നതിനാല്‍ ലോക്ഡൗണില്‍ ഇളവുവരുത്തരുതെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.