ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വാട്സ് ആപ്പ് ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചർ അടുത്ത ആഴ്ച എത്തും. ഇനി മുതല്‍ ഒരു കോളില്‍ ഒരേ സമയം എട്ട് പേര്‍ക്ക് പങ്കെടുക്കാൻ കഴിയുന്ന അപ്ഡേറ്റ് ആണ് വാട്സ് ആപ്പ് പുറത്തിറക്കാൻ പോകുന്നത്. ലോക്ക് ഡൗൺ കാരണം എല്ലാവരും വീടുകളിൽ കഴിയുന്ന പശ്ചാത്തലത്തിൽ വീഡിയോ കോളിംഗിന്റെ ഉപഭോഗം വർധിച്ചു വരികയാണ്. ഈ സാഹചര്യം കണക്കിലെടുത്തിലാണ് വാട്സ് ആപ്പ് പുതിയ ഫീച്ചർ ലഭ്യമാക്കുന്നത്.
അടുത്ത ആഴ്ച മുതലാണ് ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുക എന്ന് വാട്സ് ആപ്പ് മേധാവി കാത്കാർട്ട് അറിയിച്ചു. അടുത്ത അപ്ഡേറ്റിൽ തന്നെ ഗ്രൂപ്പ് കോളുകളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനുള്ള സംവിധാനം എത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ നാലോ അതിൽ കുറവോ അംഗങ്ങൾക്ക് മാത്രമേ ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യാൻ കഴിയൂ. ഇതിനിടെ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി വീഡിയോ കോളിംഗ് സാധ്യമാക്കാനായി സൂം പോലെയുള്ള ആപ്ലിക്കേഷനുകൾ എത്തിയത് വാട്സ് ആപ്പിന് വെല്ലുവിളി ഉയർത്തിയിരുന്നു.
ആളുകൾ വീട്ടിലിരുന്നു ജോലി ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. കമ്പനികൾ ഔദ്യോഗിക മീറ്റിങ്ങുകളും മറ്റും വീഡിയോ കോളുകൾ വഴി സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ പലപ്പോഴും വാട്സ് ആപ്പ് ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്ന പരാതിയും ഉയർന്നിരുന്നു. ഈ സാഹചര്യങ്ങളെ എല്ലാം കണക്കിലെടുത്തു കൊണ്ടാണ് വീഡിയോ കോളുകളിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സാധിക്കുന്ന അപ്ഡേറ്റുമായി വാട്സ് ആപ്പ് എത്തുന്നത്.