കൊച്ചി: ലോക രക്തദാതാക്കളുടെ ദിനത്തില്‍ ഷെയര്‍ചാറ്റ് അവതരിപ്പിച്ച പ്ലഡ്ജ് ടു ഡൊണേറ്റ് ക്യാമ്പയിന് മികച്ച പ്രതികരണം. രാജ്യത്തെ രക്തക്ഷാമത്തിന് പരിഹാരവും ഉപഭോക്താക്കളില്‍ കൃത്യമായ ബോധവത്ക്കരണവും ലക്ഷ്യമിട്ട് ജൂണ്‍ 11ന് ആരംഭിച്ച് 14ന് സമാപിച്ച ക്യാമ്പയിനില്‍ 12 ഭാഷകളിലായി മൊത്തം 15 ദശലക്ഷം ഉപയോക്താക്കളാണ് പങ്കാളികളായത്. 11,478 ഉപയോക്താക്കള്‍ ഷെയര്‍ചാറ്റ് പ്ലാറ്റ്ഫോമിലെ വെബ്കാര്‍ഡ് വഴി രക്തദാനത്തിന് സജ്ജരായി പ്രതിജ്ഞ എടുത്തു. വിവിധ ഭാഷകളിലുള്ള വെബ്കാര്‍ഡുകള്‍ 3.5 ദശലക്ഷം കാഴ്ച്ചക്കാരെയും സൃഷ്ടിച്ചു.
ലോകരക്ത ദാതാക്കളുടെ ദിനത്തില്‍ മാത്രം ക്യാമ്പയിനിന്റെ ഭാഗമായി 25,000ത്തിലധികം ഉള്ളടക്കങ്ങളാണ് ഉപയോക്താക്കള്‍ പങ്കുവച്ചത്. രക്തദാനത്തെ കുറിച്ചുള്ള നുറുങ്ങുകള്‍, നിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍, മിഥ്യധാരണകളെ പൊളിച്ചടുക്കുന്ന വസ്തുതകള്‍ എന്നിവക്ക് പുറമെ രക്തദാനം ചെയ്യുന്ന സെല്‍ഫി ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമുണ്ടായി. രക്തദാനവുമായി പോസ്റ്റുകള്‍ 1.5 ലക്ഷം പേരാണ് ഷെയര്‍ ചെയ്തത്. 12 ദശലക്ഷം കാഴ്ച്ചക്കാരെയും ഈ പോസ്റ്റുകള്‍ക്ക് ലഭിച്ചു. രക്തം ദാനം ചെയ്യുന്നതിലൂടെ രാഷ്ട്രത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിന് ഉപയോക്താക്കള്‍ക്ക് പ്രചോദനം നല്കിയ നാലു ദിവസത്തെ ക്യാമ്പയിന് ഉപയോക്താക്കളില്‍ രക്തദാനവുമായി ബന്ധപ്പെട്ട അവബോധം സൃഷ്ടിക്കുന്നതിലും വിജയം കണ്ടു.