സിയോള്‍: ദക്ഷിണകൊറിയയില്‍ സിയോള്‍ നഗരത്തിന്റെ മേയറെ മരിച്ചനിലയില്‍ കണ്ടെത്തി.വ്യാഴാഴ്ച മുതലാണ് മേയറായ പാര്‍ക് വൂണ് സൂണിനെ കാണാതായത്. തിരച്ചിലി നൊടുവില്‍ പോലീസാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആത്മഹത്യയാകാം എന്ന ഊഹത്തിലാണ് പോലീസ് അന്വേഷണം കൊണ്ടുപോകുന്നത്. ഓഫീസില്‍ നിന്നും ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വീട്ടില്‍ നിന്നും പോകുന്നതിന് മുമ്പ് മൊബൈലില്‍ സന്ദേശം നല്കാന് ശ്രമിച്ചതായി മകള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ തിരികെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. സിയോളിലെ വടക്കന്‍ മേഖലയിലെ ബുഗാക് മലനിരയിലാണ് പാര്‍ക് വോണ്‍ സൂണിന്റെ മൃതദേഹം കണ്ടെത്തിയത്.
ഇതിനിടെ പാര്‍ക്കിന്റെ ഓഫീസില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.’ ഞാന്‍ എല്ലാവരോടും മാപ്പുപറയുന്നു. എന്നോടൊപ്പം ജീവിതത്തിലുണ്ടായ എല്ലാവര്ക്കും നന്ദിയും അറിയിക്കുന്നു. എന്റെ കുടുംബത്തോടും ഞാന്‍ മാപ്പുപറയുന്നു; കാരണം ഞാന്‍ അവര്‍ക്ക് ദു:ഖം മാത്രമേ നല്കിയിട്ടുള്ളു. എന്റെ ശരീരം സംസ്ക്കരിച്ച ശേഷം ചാരം മാതാപിതാക്കളുടെ കല്ലറയില്‍ വിതറാന്‍ മറക്കരുത്. എല്ലാവര്ക്കും വിട’ സൂണ്‍ തന്റെ ആത്മഹത്യാകുറിപ്പില്‍ എഴുതി.
മേയറുടെ കാര്യാലയത്തിലെ ഒരു വനിത പീഡന പരാതി നല്‍കിയിരുന്നു. വാര്‍ത്ത വലിയ വിവാദമായതോടു കൂടിയാണ് 67 കാരനായ സൂണ്‍ സമ്മര്‍ദ്ദത്തിലായതെന്നാണ് കൊറിയന്‍ മാദ്ധ്യമങ്ങള്‍ പറയുന്നത്.