ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ നടന്ന ആക്രമണങ്ങള്‍ക്കിടെ ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുന്‍ ആംആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രതിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. കര്‍ക്കര്‍ധൂമ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിനോദ് യാദവാണ് താഹിര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഉത്തരവിട്ടത്. സംഭവ സമയത്ത് പ്രതി സ്ഥലത്തുണ്ടായിരുന്നതായി അന്വേഷണ സംഘം സമര്‍പ്പിച്ച തെളിവുകളില്‍ നിന്നും കോടതിക്ക് ബോധ്യമായി. പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി ഒരു വിഭാഗം ആളുകളെ പ്രതി വ്യാപക ആക്രമണങ്ങളിലേക്ക് നയിച്ചു. മനുഷ്യരെ ആയുധങ്ങളാക്കിയാണ് പ്രതി പ്രദേശത്ത് കലാപങ്ങള്‍ സൃഷ്ടിച്ചതെന്നും കോടതി വ്യക്തമാക്കി.
അങ്കിത് ശര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2020 മാര്‍ച്ചിലാണ് താഹിര്‍ ഹുസൈനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നാളിതുവരെയായി താഹിര്‍ ഹുസൈന് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇതിനിടെ ഒരു തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. സംഭവത്തില്‍ താഹിര്‍ ഹുസൈനെതിരെ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.