മുംബൈ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ യുവതാരം ഐഎസ്എല്ലിലേക്ക്. സ്പാനിഷ് താരവും മാഞ്ചസ്റ്റര്‍ സിറ്റി അണ്ടര്‍ 23 ടീമംഗവുമായ നബീല്‍ ടൊവൈസിയെ മുംബൈ സിറ്റിയ്‌ക്ക് കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.
വെറും 19 വയസ് മാത്രമുളള നബീലിന് കളിക്കാന്‍ കൂടുതല്‍ സമയം ഒരുക്കുന്നതിനും പരിചയ സമ്പത്ത് നേടുന്നതിനും വേണ്ടിയാണ് സിറ്റി ഗ്രൂപ്പ് തങ്ങളുടെ തന്നെ ഉടമസ്ഥതയിലുളള മുംബൈ സിറ്റിയ്‌ക്ക് താരത്തെ കൈമാറുന്നത്. ഇതോടെ അവിശ്വസനീയ പ്രതിഭയുളള യുവ സ്ട്രൈക്കറെ ഐഎസ്എല്ലില്‍ ഇറക്കാന്‍ മുംബൈയുടെ പരിശീലകന്‍ ലൊബേരയ്‌ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. മുംബൈ സിറ്റിയെ സിറ്റി ഗ്രൂപ്പ് സ്വന്തമാക്കിയതോടെയാണ് ഈ താര കൈമാറ്റത്തിന് അവസരം ഒരുങ്ങുന്നത്.
പ്രീമിയര്‍ ലീഗ് സെക്കന്‍ഡ് ഡിവിഷന്‍, യുവേഫ യൂത്ത് ലീഗ്, ഇഎഫ്റ്റി ട്രോഫി തുടങ്ങിയ ടൂര്‍ണമെന്റുകളില്‍ സിറ്റി യൂത്ത് ടീമുകള്‍ക്കായി കളത്തിലിറങ്ങിയ താരമാണ് മൊറോക്കന്‍ വംശജന്‍ കൂടിയായ നബീല്‍ ടൊവൈസി. ഇതില്‍ പ്രീമിയര്‍ ലീഗില്‍ സെക്കന്‍ഡ് ഡിവിഷനില്‍ 12 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും യുവേഫ യൂത്ത് ലീഗില്‍ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും നബീല്‍ സ്വന്തമാക്കിയിട്ടുണ്ട്.















