നമ്മുടെ ആരോഗ്യത്തിനായി കൈകളുടെ ശുചീകരണം വില കുറച്ചു കാണേണ്ട കാര്യമല്ല. സാഹചര്യങ്ങൾ വരുമ്പോൾ മാത്രമല്ല എല്ലായിപ്പോഴും അണുബാധകളെ അകറ്റി നിര്‍ത്താന്‍ കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിച്ചേ മതിയാകൂ.
കൊറോണ രോഗവ്യാപനം ഉയർന്നതോടെയാണ് ഭൂരിഭാഗം പേരും ‘സാനിറ്റൈസര്‍’ എന്ന അമൂല്യ നിധിയുടെ വില മനസ്സിലാക്കുന്നത്. ആശുപത്രി പോലെ നിരന്തരം രോഗാണുക്കളുമായി ഇടപെടുന്നവര്‍ക്കും ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗപ്രദമാണ്. എന്നാൽ കടകളിലുള്ള സാനിറ്റൈസറുകള്‍ തീർന്ന് പോയെന്നു കരുതി നമ്മുക്ക് ഈ ഒരു സാഹചര്യത്തിൽ ശുചികാതെയിരിക്കാനും നിർവ്വാഹമില്ല. ഇത്തരമൊരു അവസ്ഥയിലാണ് നമ്മൾ സാനിറ്റൈസർ സ്വന്തമായി ഉണ്ടാക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത്.
സാനിറ്റൈസറുകളിലെ പ്രധാനഘടകം ഐസോപ്രൊപൈൽ ആൽക്കഹോൾ (ഐപിഎ) എന്ന പദാർത്ഥമാണ്. ലാബിലേക്കുള്ള രാസവസ്തുക്കൾ വിൽക്കുന്ന കടകളിൽ ഇത്തരം പദാർത്ഥങ്ങൾ ലഭ്യമാണ്. എന്നാൽ ഐസോപ്രൊപൈൽ ആൽക്കഹോൾ തീ പിടിക്കാൻ സാധ്യത ഉള്ളതായതിനാൽ ഗ്യാസ് അടുപ്പിനടുത്തോ നല്ല ചൂടുള്ളിടത്തോ സൂക്ഷിക്കരുതെന്ന് പ്രത്യേകം ഓർക്കുക. ഇൻഡസ്ട്രിയൽ ഗ്രേഡ് അല്ല പ്യൂരിഫൈഡ് ഐപിഎ ആണ് വേണ്ടത്. ഇതിൽ 99 ശതതമാനം ആൽക്കഹോൾ ആണ്.
അതേസമയം സാനിറ്റൈസർ ഉണ്ടാക്കാനായി നമ്മുക്ക് 70 ശതമാനം ആൽക്കഹോൾ മാത്രം മതിയാകും. അതിനായി 100 മി.ലീ ഐസോപ്രൊപൈൽ ആൽക്കഹോൾ എടുത്ത് അതിലേക്ക് 28 മി.ലീ തിളപ്പിച്ചാറിയ വെള്ളം ചേർത്ത് നേർപ്പിക്കുക. ഇതിലേക്ക് 5 ഗ്രാം ഗ്ലിസറിൻ ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതത്തിലേക്ക് 1 മി.ലീ പുൽത്തൈലവും ഒരു കർപ്പൂരം ഗുളിക പൊടിച്ചതും ചേർക്കുക. ഇനി ഒരു സ്പ്രേ ബോട്ടിൽ എടുത്ത് അതിൽ ഒഴിച്ചുവയ്ക്കാം. ഇത് കണ്ണിലോ മൂക്കിലോ മുഖത്തോ പുരട്ടരുത്.
ഒരു കാര്യം കൂടി ഓർക്കുക…..ഹാൻഡ് സാനിറ്റൈസർ ഒഴിച്ചുവയ്ക്കും മുൻപ് ഒഴിക്കേണ്ട കുപ്പി ഡിറ്റർജന്റും വെള്ളും ഉപയോഗിച്ച് വൃത്തിയായി കഴുകണം. ചൂട് തടുക്കുന്ന തരം കുപ്പിയാണെങ്കിൽ തിളച്ച വെള്ളം ഒഴിച്ച് അണുവിമുക്തമാക്കിയ ശേഷം മാത്രം ഉപയോഗിക്കുക.
Comments