അബുദാബി: ഐ.പി.എല്‍ സീസണിലെ എട്ടാം മത്സരം ഇന്ന്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദരാബാദുമാണ് ഏറ്റുമുട്ടുന്നത്. ഡേവിഡ് വാര്‍ണറുടെ കീഴിലെ ഹൈദരാബാദും ദിനേശ് കാര്‍ത്തിക്കിന്റെ കൊല്‍ക്കത്തയ്ക്കും മികച്ച ജയം അനിവാര്യമാണ്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ സംബന്ധിച്ച് രണ്ടു ബാറ്റ്സ്മാന്മാരുടെ ഫോം നിര്‍ണ്ണായകമാണ്. സുനില്‍ നരേയ്നും ദിനേശ്കാര്ത്തിക്കും മികച്ച സ്കോര്‍ കണ്ടെത്തുക മാത്രമാണ് പോംവഴി.ഒപ്പം ശുഭ്മാന്ഗില്ലിലും നിഖില്‍ നായികും രാഹുല്‍ ത്രിപാഠിയിലും പ്രതീക്ഷയര്‍പ്പിക്കുകയാണ്. മലയാളി താരം സന്ദീപ് വാര്യരും കളിക്കുന്നുണ്ട്. ബൗളിംഗില്‍ പാറ്റ് കമ്മിന്‍സും കുല്‍ദീപ് യാദവുമാണ് കൊല്‍ക്കത്തയുടെ തുറപ്പുചീട്ട്.
സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ ആരാധകര്‍ ഒരു വാര്‍ണര്‍ ഷോ മാത്രമാണ് പ്രതീക്ഷിക്കുന്നത്. സണ്‍റൈസേഴ്സ് മിച്ചല്‍ മാര്‍ഷിന് പകരമായി കെയിന്‍ വില്യംസിനേയോ മുഹമ്മദ് നബിയേയോ കളിപ്പിക്കുമെന്നാണ് സൂചന. ജോണ്‍ ബെയര്‍സ്റ്റോവും മനീഷ് പാണ്ഡേയും കത്തിക്കയറിയാല്‍ സണ്‍റൈസേഴ്സിനെ പിടിച്ചാല്‍ കിട്ടില്ല. ഒപ്പം പ്രിയം ഗാര്‍ഗും വിജയ് ശങ്കറും കഴിഞ്ഞ കളിയിലെ ക്ഷീണം തീര്ക്കാനിറങ്ങും. ബൗളിംഗില്‍ ഭുവനേശ്വര്‍ കുമാറും റഷീദ് ഖാനും തിളങ്ങേണ്ടത് നിര്‍ണ്ണായകമാണ്.
Comments