ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തന്മാർ നേർക്കുനേർ. നാളെ നടക്കുന്ന പോരാട്ടത്തിൽ ലീഗിൽ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനവും ഏറ്റുമുട്ടും. ലീഗ് കപ്പിൽ ക്വാർട്ടറിലെത്താതെ പുറത്തായ ക്ഷീണം തീർക്കാനാണ് ടോട്ടനം ഇറങ്ങുന്നത്. ലീഗിൽ ടോട്ടനം എട്ടാം സ്ഥാനത്താണ്. അതേ സമയം ലിവർപൂളിനെ അവരുടെ തട്ടകത്തിൽ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഗ്വാർഡിയോളയുടെ ടീമിന്റെ എത്തിഹാദിലെ ഇറക്കം.
കഴിഞ്ഞ ദിവസം എഫ്.എ കപ്പിൽ ക്വാർട്ടറിലെത്തിയ സിറ്റി കഴിഞ്ഞയാഴ്ച ലിവർപൂളിനെ 4-1നാണ് കീഴടക്കിയത്.തുടർച്ചയായി 15 മത്സരങ്ങൾ ജയിച്ചാണ് സിറ്റി കരുത്തോടെ മുന്നേറുന്നത്.
എഫ്.എ കപ്പിൽ എവർട്ടണിനോട് 5-4ന് അവസാന നിമിഷത്തിലേറ്റ പരാജയത്തിന്റെ നിരാശ ഹാരി കെയിനും കൂട്ടരും അകറ്റുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതേ സമയം ലീഗിൽ ജയവും തോൽവിയുമായി തട്ടിതടഞ്ഞാണ് ടീം നീങ്ങുന്നത്. വെസ്റ്റ്ബ്രോമിനോട് ജയിച്ചെങ്കിലും തൊട്ട് മുമ്പത്തെ മത്സരത്തിൽ ചെൽസിയോടും ബ്രൈറ്റണിനോടും ഒരു ഗോളിന് തോൽക്കേണ്ടി വന്നതും മുന്നേറ്റത്തിന് തടസ്സമായി.
Comments