ചെന്നൈ: പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ കെ.വി.ആനന്ദ് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യ. 54 വയസ്സായിരുന്നു. ഫോട്ടോ ജേണലിസ്റ്റ് ആയി തുടങ്ങിയ ജീവിതം സിനിമയിലെ മികച്ച ദൃശ്യവിസ്മയം തീർക്കുന്ന അതുല്യപ്രതിഭയെന്ന നിലയിലേക്ക് മാറുകയായിരുന്നു.
മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റുകളായ മോഹൻലാലും ശോഭനയും അഭിനയിച്ച തേന്മാവിൻ കൊമ്പത്തും പിന്നീട് മിന്നാരത്തിനും ചന്ദ്രലേഖയ്ക്കും വേണ്ടി ക്യാമറ കൈകാര്യം ചെയ്തു. തേന്മാവിൻ കൊമ്പത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ആനന്ദിനെ തേടിയെത്തി. ഛായാഗ്രാഹകനായ പി.സി.ശ്രീറാമിന്റെ സഹായിയായിട്ടാണ് സിനിമയിലെ തുടക്കം.
തമിഴിൽ ഛായാഗ്രാഹകനപ്പുറം സംവിധായകനെന്ന നിലയിലാണ് ഏറെ പ്രശസ്തനായത്. കനാ കണ്ടേൽ എന്ന ചിത്രമാണ് തുടക്കം. പിന്നീട് അയൺ, കോ, മാട്രാൻ, കാവൻ എന്നിവയും സംവിധാനം ചെയ്തു. മോഹൻലാലും സൂര്യയും ഒന്നിച്ച കാപ്പാനായിരുന്നു അവസാന ചിത്രം.
Comments