ചണ്ഡീഗഢ്: കൊറോണ പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് വമ്പർ ഓഫറുമായി മദ്യശാലകളും പബ്ബുകളും റെസ്റ്റോറെന്റുകളും ഷോപ്പിംഗ് മാളുകളും. ഹരിയാനയിലെ ഗുരുഗ്രാമിലെ നിരവധി മദ്യശാലകളും പബ്ബുകളുമാണ് ഓഫറുമായി എത്തിയിരിക്കുന്നത്. കൊറോണ വാക്സിൻ സ്വീകരിച്ചവർക്ക് വൻ ഡിമാൻഡാണ് സംസ്ഥാനത്ത് നൽകുന്നത്. ഇത് മറ്റുള്ളവരെ വാക്സിനെടുക്കാൻ പ്രചോദിപ്പിക്കുമെന്ന് അധികൃതർ പറയുന്നു.
സംസ്ഥാനത്തെ പ്രത്യേകമായ ഒരു പദ്ധതി പ്രകാരം ഗുരുഗ്രാം സൈബർ സിറ്റിയിലെ റെസ്റ്റോറെന്റുകളും പബ്ബുകളും കൊറോണ വാക്സിന്റെ രണ്ടും ഡോസും സ്വീകരിച്ചവർക്ക് അൻപത് ശതമാനം ഡിസ്കൗണ്ടും ഒരു ഡോസ് സ്വീകരിച്ചവർക്ക് 25 ശതമാനം ഡിസ്കൗണ്ടുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രദേശത്തെ പബ്ബ് ആൻഡ് ബാർ ഡയറക്ടർ യുദ്ധ് വീർ സിങ്ങാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരം ഓഫറുകൾ വ്യാപാരം കൂട്ടുകയും ആളുകളിൽ വാക്സിൻ എടുത്ത് സുരക്ഷ ഉറപ്പാക്കാനുള്ള പ്രചോദനം നൽകുകയും ചെയ്യുമെന്നും യുദ്ധ് വീർ സിംഗ് കൂട്ടിച്ചേർത്തു. ഗുരുഗ്രാമിലെ ആംബിയൻസ് മാളും ഇത്തരത്തിൽ പ്രത്യേകം പരിഗണന ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാനുള്ള സൗകര്യവും കടകളിൽ ഡിസ്കൗണ്ടുകളുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻനിര ആരോഗ്യ പ്രവർത്തകർക്കാണ് ഇവിടെ മുൻഗണന നൽകുന്നതെന്ന് മാളിന്റെ മാനേജിംഗ് ഡയറക്ടർ ഗീത പറഞ്ഞു.
അതിനിടെ കൊറോണ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെ സംസ്ഥാനത്ത് ഷോപ്പിംഗ് മാളുകളും കടകളും നിയന്ത്രണങ്ങളോടെ തുറക്കാൻ ഹരിയാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഒരുമാസത്തോളം അടച്ചു കിടന്നതിനാൽ വിൽപ്പന വർദ്ധിപ്പിക്കാനായി ജനങ്ങളെ ആകർഷിക്കേണ്ട സാഹചര്യം നിലനിൽക്കുന്നുണ്ട്. അതിനാലാണ് പ്രത്യേകം ഓഫറുകൾ പ്രഖ്യാപിക്കുന്നത്.
Comments