ന്യൂയോർക്ക്: കൊറോണ വൈറസിനെ പ്രതിരോധിക്കാൻ മൃഗങ്ങൾക്കും വാക്സിൻ. അമേരിക്കയിലെ ഓക് ലാൻഡ് മൃഗശാലയിലാണ് മൃഗങ്ങൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ കൊറോണ വാക്സിൻ കുത്തിവെച്ചത്. കൊറോണ വൈറസ് ബാധ മൃഗങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിലാണിത്.
മൃഗശാലയിലെ കടുവ, ജിറാഫ്, കരടി, മൗണ്ടെയിൻ ലയൺ തുടങ്ങിയ മൃഗങ്ങൾക്ക് വാക്സിൻ നൽകിയതായി മൃഗശാലയിലെ അധികൃതർ അറിയിച്ചു. എളുപ്പത്തിൽ കൊറോണ വൈറസ് പിടിപെടാൻ സാദ്ധ്യതയുള്ള മൃഗങ്ങളുടെ പട്ടിക ഉണ്ടാക്കിയ ശേഷമാണ് ആദ്യ ഡോസ് വാക്സിൻ ഇവർക്ക് നൽകിയത്.
കൊറോണ വൈറസ് ബാധ ഇതുവരെ മൃഗശാലയിലെ ഒരു മൃഗത്തിനും സ്ഥിരീകരിച്ചിട്ടില്ല. മൃഗങ്ങൾക്ക് രോഗം പിടിപെടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അവരെ സുരക്ഷിതരാക്കാനാണ് വാക്സിൻ നൽകിയതെന്ന് മൃഗശാലയിലെ വെറ്റിനറി ഡോക്ടർ അലക്സ് ഹെർമൻ അറിയിച്ചു. വാക്സിൻ സ്വീകരിച്ച മൃഗങ്ങൾക്ക് ഇതുവരെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൃഗ സംരക്ഷണ കമ്പനിയായ സോയിറ്റിസാണ് മൃഗങ്ങൾക്കായുള്ള വാക്സിൻ വികസിപ്പിച്ചെടുത്തത്. ഓക് ലാൻഡ് മൃഗശാലയ്ക്ക് 100 വാക്സിൻ ഡോസുകളാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. 70 ഓളം മൃഗശാലകൾക്കും 27 സംസ്ഥാനങ്ങളിലെ മൃഗസംരക്ഷണ കേന്ദ്രങ്ങൾ, വന്യ ജീവി സങ്കേതങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കും 11,000 ഡോസ് വാക്സിൻ നൽകിയതായും കമ്പനി വ്യക്തമാക്കി.
Comments