കൊച്ചി: എറണാകുളത്ത് കനത്ത മഴയിൽ ഇരുനില വീട് ചരിഞ്ഞു. കളമശ്ശേരിയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം. സമീപത്തെ വീടിന് മുകളിലേക്ക് ചരിഞ്ഞ നിലയിലായിരുന്നു വീട്. കൂനംതൈ ബീരാക്കുട്ടി റോഡിൽ പൂക്കൈതയൽ ഹംസയുടെ വീടാണ് ചരിഞ്ഞത്.
വിചിത്ര ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീട് ചരിയുന്നത് കണ്ടത്. സംഭവ സമയത്ത് വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്. ഇവരെ ഉടൻ തന്നെ പുറത്ത് എത്തിച്ചതിനാൽ വലിയ അപകടം ഒഴിവായി.
സംഭവം അറിഞ്ഞ് പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി. വീട്ടിനകത്ത് ഉണ്ടായിരുന്ന സാധനങ്ങളെല്ലാം നീക്കിയിട്ടുണ്ട്. ചരിഞ്ഞ വീടിന് തൊട്ടടുത്തുള്ള വീട്ടുകാരേയും മാറ്റിപ്പാർപ്പിച്ചതായി പോലീസ് അറിയിച്ചു. ഈ വീട്ടിൽ വിള്ളൽ കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് ശക്തമായ മഴയാണ് കഴിഞ്ഞ രണ്ട് ദിവസമായി ലഭിക്കുന്നത്. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം.
Comments