കണ്ണൂർ: സിപിഐഎം 23-ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ വെച്ച് നടത്താൻ കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. ഏപ്രിൽ രണ്ടാമത്തെ ആഴ്ച്ചയാവും പാർട്ടി കോൺഗ്രസ് നടക്കുക. പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ തുടക്കത്തിൽ തന്നെ കേരള ഘടകം ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. കൊറോണ സാഹചര്യത്തിൽ അംഗങ്ങളുടെ എണ്ണം കുറച്ചായിരിക്കും പാർട്ടി കോൺഗ്രസ് ചേരുക.
മൂന്നാം തരംഗം അടക്കം സ്ഥിതി മോശമായാൽ ആ ഘട്ടത്തിൽ ഉചിതമായ തീരുമാനമെടുക്കാമെന്ന ധാരണയിലാണ് കണ്ണൂരിനെ വേദിയായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിലേക്ക് പാർട്ടി കോൺഗ്രസ് തിരിച്ചെത്തുന്നത്. 2012ൽ കോഴിക്കോട് വെച്ച് സമ്മേളനം നടത്തിയതിന് ശേഷം വിശാഖപട്ടണത്തും ഹൈദരാബാദിലും പാർട്ടി കോൺഗ്രസ് നടന്നിരുന്നു.
സമ്മേളനത്തിന് മുൻപായി കീഴ്ഘടകങ്ങളുടെ സമ്മേളനങ്ങളുടെ സമയക്രമം ഉൾപ്പെടെ കേന്ദ്രകമ്മിറ്റി അറിയിക്കും. നിയന്ത്രണങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ വെർച്വലായാണ് സമ്മേളനങ്ങൾ സംഘടിപ്പിക്കുക.
Comments