ഭോപ്പാൽ : വാത്മീകി മഹർഷിയെ താലിബാനുമായി താരതമ്യംചെയ്ത സംഭവത്തിൽ ഉറുദു കവി മുനാവർ റാണയ്ക്കെതിരെ കേസ് എടുത്ത് മദ്ധ്യപ്രദേശ് പോലീസും. ബിജെപി സംസ്ഥാന സെക്രട്ടറി സുനിൽ മാളവ്യ നൽകിയ പരാതിയിലാണ് നടപടി. മതവികാരം വ്രണപ്പെടുത്തിയതിനാണ് മദ്ധ്യപ്രദേശ് പോലീസ് എടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു വാത്മീകി മഹർഷിയെ താലിബാനുമായി താരമത്യം ചെയ്ത് റാണ പരാമർശം നടത്തിയത്. രാമായണം എഴുതിയ ശേഷമാണ് വാത്മീകി ദൈവതുല്യനായത്. അതിന് മുൻപ് അദ്ദേഹം കൊള്ളക്കാരൻ ആയിരുന്നു. ഏതൊരാളുടെയും സ്വഭാവത്തിൽ മാറ്റം വരാം. അതുപോലെ തന്നെയാണ് താലിബാന്റെയും കാര്യം. ഇപ്പോൾ അവർ ഭീകരരാണ്. എന്നാൽ അവരുടെ സ്വഭാവവും മാറുമെന്നായിരുന്നു പരാമർശം.
റാണയുടെ പരാമർശം ഹിന്ദുക്കളെയും, വാത്മീകി സമൂഹത്തെയും അപമാനിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുനിൽ മാളവ്യ പരാതി നൽകിയത്. വാത്മീകിയെ താലിബാനുമായി താരതമ്യം ചെയ്തിലൂടെ റാണ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505 (2) പ്രകാരമാണ് റാണയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
Comments