കോട്ടയം : മാസ്ക് ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് യുവാവിന്റെ കാലൊടിച്ചതായി പരാതി. പള്ളം മാവിളങ്ങ് സ്വദേശി അജികുമാറിനാണ് ദുരനുഭവം നേരിട്ടത്. സംഭവത്തിൽ പോലീസ് കൺട്രോൾ റൂം ഗ്രേഡ് എസ്ഐ എം.സി രാജുവിനെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവമെന്നാണ് അജികുമാറിന്റെ പരാതിയിൽ പറയുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു അജികുമാർ. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന് മുൻപിൽ നിൽക്കുന്നതിനിടെ പോലീസ് മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ അജികുമാറിന്റെ പോലീസ് വാഹനത്തിൽ കയറ്റി. ഇതിനിടെ അജികുമാറിന്റെ കാൽ വാഹനത്തിന്റെ ഡോറിനിടയിൽ കുടുങ്ങുകയായിരുന്നു. ഇക്കാര്യം പോലീസുകാരോട് പറഞ്ഞെങ്കിലും ഡോർ വലിച്ചടയ്ക്കാനായിരുന്നു എസ്ഐ ശ്രമിച്ചത്. ഇതോടെയാണ് കാൽ ഒടിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് എസ്ഐയ്ക്കെതിരെ നടപടി സ്വീകരിച്ചത്.
അതേസമയം മാസ്ക് ധരിക്കാത്തതിന് അജികുമാറിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Comments