തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാക്സിൻ ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ആകെ 1.4 ലക്ഷം ഡോസ് വാക്സിൻ മാത്രമാണ് ശേഷിക്കുന്നതെന്നും കേന്ദ്ര സർക്കാരിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ ആറ് ജില്ലകളിലാണ് വാക്സിൻ പ്രതിസന്ധി നേരിടുന്നത്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം എന്നീ ജില്ലകളിൽ കൊവിഷീൽഡ് വാക്സിനാണ് തീർന്നതെന്നും മന്ത്രി പറഞ്ഞു.
രണ്ടാം ഡോസ് സ്വീകരിക്കുന്നതിനായി കാത്തിരിക്കുന്നവർക്കാണ് വാക്സിൻ ക്ഷാമം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിദേശത്ത് പോകുന്നവർക്കും ആവശ്യം കൊവിഷീൽഡ് വാക്സിനാണ്. അതേസമയം കൊവാക്സിൻ സ്റ്റോക്കുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട് ചെറൂപ്പ ആശുപത്രിയിൽ ജീവനക്കാരുടെ അശ്രദ്ധമൂലം 800 ഡോസ് വാക്സിൻ പാഴായ സംഭവമുണ്ടായത്. കൃത്യവിലോപത്തിലൂടെ ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. സംഭവത്തിൽ ആരോഗ്യവകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
Comments