തിരുവനന്തപുരം: യൂബർ, ഓല മോഡലിൽ കേരളത്തിൽ ഓൺലൈൻ ടാക്‌സികൾ ആരംഭിക്കാനൊരുങ്ങുന്നു. നവംബർ ഒന്നിനാണ് ഇതിന്റെ ഉദ്ഘാടനം. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഓൺലൈൻ ടാക്‌സി ഓട്ടോ സംവിധാനം നടപ്പിലാക്കുന്നത് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന ആയിരിക്കും. ഇതിന്റെ പൈലറ്റ് പ്രൊജക്ട് തിരുവനന്തപുരം ജില്ലയിലാണ് നടപ്പാക്കുന്നത്. ഇതിന് മുന്നോടിയായി ട്രയൽ റൺ നടത്തും
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐടി, പോലിസ്, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഓൺലൈൻ ടാക്‌സി ഓട്ടോ സമ്പ്രദായത്തിന്റെ നിയന്ത്രണം ലേബർ കമ്മീഷണറേറ്റിനാണ്. ഓൺലൈൻ ടാക്‌സി ഓട്ടോ സംവിധാനത്തിന്റെ നടത്തിപ്പിലേക്കായി കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് ഫണ്ട് ചെലവഴിക്കില്ല. എന്നാൽ ഓൺലൈൻ ടാക്‌സി ഓട്ടോ സംവിധാനത്തിന്റെ പരസ്യചെലവിന് ആവശ്യമായ തുക കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് മുൻകൂറായി നൽകും.
നിലവിലെ കൊറോണ സാഹചര്യങ്ങൾ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പദ്ധതിയിൽ ഉൾപ്പെടുന്ന വാഹനങ്ങൾക്ക് ജിപിഎസ് ഘടിപ്പിക്കേണ്ടതില്ല. പകരം സ്മാർട്ട് ഫോൺ ജിപിഎസ് നാവിഗേഷനായി ഉപയോഗിക്കാവുന്നതാണ്. ലേബർ കമ്മിഷണറേയും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിനേയും ഐടിഐ ലിമിറ്റഡിനേയും ഓൺലൈൻ ടാക്‌സി ഓട്ടോ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Comments