കോഴിക്കോട് : നാദാപുരത്ത് പോത്തിനെ ഓട്ടോയിൽ കെട്ടിവലിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. അറവുശാല ഉടമകളായ ബീരാൻ, ഇസ്മായിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇവർ പോത്തിനെ ഓട്ടോയിൽ കെട്ടി കിലോമീറ്ററുകളോളം വലിച്ചുകൊണ്ടു പോയത്.
അപകടമുണ്ടാക്കും വിധം വാഹനമോടിച്ചതിനും, മൃഗങ്ങളെ മനപൂർവ്വം കൊല്ലാൻ ശ്രമിച്ചതിനുമാണ് കേസ് എടുത്തത്. ഇതിന് പുറമേ അറിഞ്ഞുകൊണ്ട് പൊതുജനങ്ങൾക്ക് ഉപദ്രവമുണ്ടാക്കാൻ ശ്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്. രണ്ട് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.
കശാപ്പിന് കൊണ്ടുപോകുമ്പോഴാണ് പോത്തിനെ ഇവർ കെട്ടിവലിച്ചത്. വഴിയാത്രക്കാരിൽ ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Comments