കൊച്ചി : സംസ്ഥാനത്ത ആർടിപിസിആർ നിരക്ക് 500 രൂപയാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി.ലാബ് ഉടമകളുടെ ഹർജിയിലാണ് കോടതി ഇടപെടൽ. ലാബ് ഉടമകളുമായി ആലോചിച്ച ശേഷം നിരക്കുകൾ നിശ്ചയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.
നിരക്ക് മാറ്റി നിശ്ചയിച്ച സർക്കാർ നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലാബ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. നിരക്കുകൾ നിശ്ചയിക്കുന്നതിന് മുൻപ് ലാബ് ഉടമകളുമായി ചർച്ച നടത്തിയില്ല. ലാബ് ഉടമകളുമായി ആലോചിച്ച ശേഷം സംസ്ഥാന സർക്കാരുകൾക്ക് പരിശോധനാ നിരക്കിൽ മാറ്റം വരുത്താമെന്നാണ് ഐസിഎംആറിന്റെ നിർദ്ദേശത്തിൽ ഉള്ളത്. എന്നാൽ സർക്കാർ ഇത് ലംഘിച്ചുവെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
500 രൂപയ്‌ക്ക് ആർടിപിസിആർ പരിശോധന നടത്തുന്നത് ലാബ് ഉടമകൾക്ക് വലിയ നഷ്ടമാണ്. ഈ നഷ്ടം സഹിച്ച് പരിശോധന നടത്താൻ സർക്കാർ ലാബ് ഉടമകളെ നിർബന്ധിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ആർടിപിസിആർ പരിശോധനയ്‌ക്ക് 500 രൂപയിൽ കൂടുതൽ ഈടാക്കുന്ന ലാബുകൾക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാണ് സർക്കാർ ഉത്തരവ്. ഇതും ഹൈക്കോടതി റദ്ദാക്കി.
Comments