ഇംഫാൽ : മണിപ്പൂരിൽ സാധാരണക്കാർക്ക് നേരെ ഭീകരരുടെ വെടിവെപ്പ്. അഞ്ച് പേർ കൊല്ലപ്പെട്ടു. കാംഗ്പോക്പി ജില്ലയിലെ ബി ഗാംനോം ഗ്രാമത്തിലാണ് സംഭവം. കൂകി ഭീകരരാണ് ജനക്കൂട്ടത്തിന് നേരെ ആക്രമണം നടത്തിയത് എന്ന്പോലീസ് ഐജി ലുൻസെയ് കിപ്ഗെൻ അറിയിച്ചു.
കഴിഞ്ഞ ദിവസം സുരക്ഷാ സേന കൊലപ്പെടുത്തിയ ഭീകരരുടെ സംസ്കാര ചടങ്ങുകൾക്കിടെയാണ് ജനക്കൂട്ടത്തിന് നേരെ ആക്രമണം നടന്നത്. അഞ്ച് പേരാണ് ആക്രമണത്തിൽ മരിച്ചത്. ഇതിൽ മൂന്ന് പേരുടെ മൃതദേഹം ലഭിച്ചു. ആക്രമണത്തിന് പിന്നാലെ ജനങ്ങൾ ഗ്രാമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടു. രണ്ട് പേരുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.
മണിപ്പൂരിൽ ഭീകര സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ സുരക്ഷാ സേന ഭീകര വേട്ട നടത്തിയിരുന്നു. ഇംഫാൽ ഈസ്റ്റ് പോലീസ് കമാൻഡോ ടീം, സ്പെഷ്യൽ കമാൻഡോ, തൗബാൽ പോലീസ് കമാൻഡോ, 16 അസം റൈഫിൾസ് ടീം, സുരക്ഷാ സേന ഉൾപ്പെടെയുള്ളവരുടെ സംയുക്ത സംഘമാണ് വ്യാപക പരിശോധന നടത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ കൊലപ്പെടുത്തുകയുമുണ്ടായി.
Comments