കണ്ണൂർ: കൂറ്റൻ പാറയിൽ ധ്യാനമിരിക്കാൻ പോയ യുവാവ് കടൽക്ഷോഭത്തിൽ കുടുങ്ങി. എടയ്ക്കാട് സ്വദേശി രാജേഷാണ് കടലിലെ പാറയിൽ കുടുങ്ങിയത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഇയാളെ കരയ്ക്കെത്തിയ്ക്കുകയായിരുന്നു. ശനിയാഴ്ച്ച രാവിലെ ഏഴരയോടെയാണ് സംഭവം.
കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ എടക്കാട് തോട്ടട ഏഴരക്കടപ്പുറത്തെ ചേര റിസോർട്ടിന് സമീപമുള്ള പാറയിലാണ് ഇയാൾ ധ്യാനമിരിക്കാൻ പോയത്. കടലിൽ നിന്നും 200 മീറ്റർ അകലെയാണ് പാറ. കരയിലേക്ക് ഇയാളെ വളരെ ബുദ്ധിമുട്ടിയാണ് എത്തിച്ചത്. രക്ഷാപ്രവർത്തകർക്കൊപ്പം കരയിലേക്ക് വരുന്നതിന് ഇയാൾ വിമുഖത കാട്ടിയിരുന്നു. തുടർന്ന് ബലമായി കൂട്ടിക്കൊണ്ട് വരികയായിരുന്നു.
പാറയിലേക്ക് കൂറ്റൻ തിരമാലകൾ അടിച്ചുകയറുന്നത് കണ്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാ സേന എത്തുകയായിരുന്നു. സുരക്ഷാ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ്, റോപ്പ് എന്നിവ ഉപയോഗിച്ച് നീന്തിയാണ് ഇയാളെ കരയ്ക്കെത്തിച്ചത്.
Comments