കൊച്ചി: ദക്ഷിണ കൊറിയയിൽ സവാള കൃഷി ഫാമിൽ ജോലി ചെയ്യുന്നതിന് അപേക്ഷിച്ചത് ആയിരകണക്കിന് മലയാളികൾ. അപേക്ഷിച്ചവർക്കായി സംഘടിപ്പിച്ച സെമിനാറിൽ നിരവധി പേരാണ് പങ്കെടുത്തത്. സംസ്ഥാന സർക്കാരിന്റെ വിദേശ റിക്രൂട്ടിംഗ് ഏജൻസിയായി ഒഡേപെക് എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ എത്തിയവരിൽ കൂടുതലും വിദ്യാസമ്പന്നരായ യുവാക്കളാണ്. ഭൂരിപക്ഷം പേർക്കും കൃഷിയുമായി ബന്ധമില്ലാത്തവരാണ്.
നിരവധി പേർ അപേക്ഷിച്ച് എത്തിയതോടെ ഒഡേപെക്ക് വെബ്‌സൈറ്റിന്റെ പ്രവർത്തനം വരെ തടസ്സപ്പെട്ടിരുന്നു. 100 ഒഴിവുകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിനായി ആദ്യ രണ്ട് ദിവസത്തിനിടെ അയ്യായിരത്തോളം പേരാണ് അപേക്ഷിച്ചത്. ഈ മാസം 22നാണ് അപേക്ഷ ക്ഷണിച്ചത്. പത്താം ക്ലാസ് ആണ് ജോലിയ്‌ക്ക് വേണ്ട യോഗ്യത. ഒരുലക്ഷം രൂപയാണ് ശമ്പള വാഗ്ദാനം.
ദക്ഷിണ കൊറിയൻ സർക്കാരിന്റെ കീഴിലുള്ള കാർഷിക പദ്ധതിയിലേക്കാണ് കേരളത്തിൽ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം . ഇത് മൂന്നു വർഷം വരെ നീട്ടാം. മാസത്തിൽ 28 ദിവസം ജോലി ഉണ്ടായിരിക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ജോലിസമയം. ജോലിസമയത്തെ ഭക്ഷണം സൗജന്യമായി ലഭിക്കും.
ഇംഗ്ലീഷിൽ അടിസ്ഥാന പരിജ്ഞാനം ഉണ്ടായിരിക്കണം. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ കൃഷിരീതിയാണ് നടപ്പിലാക്കുന്നതെങ്കിലും മനുഷ്യ അധ്വാനവും വേണമെന്ന് അറിയിച്ചിട്ടുണ്ട്. ആയിരം പേരെയാണ് ആവശ്യപ്പെട്ടതെങ്കിലും ആദ്യഘട്ടത്തിൽ നൂറുപേരെയാണ് അയയ്‌ക്കുന്നത്. 60 ശതമാനം പേർ സ്ത്രീകളായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
Comments