ന്യൂഡൽഹി: യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തും. യുകെയിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന കോപ്പ്26 സമ്മേളനത്തിൽവെച്ചാകും കൂടിക്കാഴ്ച്ച. യുകെയിലെ ഇന്ത്യൻ ഹൈകമ്മീഷ്ണർ ഗായത്രി ഇസ്സാർ ഇക്കാര്യം സ്ഥിരീകരിച്ചു. വാക്സിൻ സർട്ടിഫിക്കേഷന്റെ പരസ്പര അംഗീകാരത്തെക്കുറിച്ച് യോഗത്തിൽ ചർച്ചയാകുമെന്നും ഗായത്രി അറിയിച്ചു.
2021 മെയിൽ പ്രഖ്യാപിച്ച റോഡ്മാപ്പ് 2030യുടെ പുരോഗതി വിലയിരുത്താൻ നരേന്ദ്രമോദിയ്ക്കും ബോറിസ് ജോൺസനും ലഭിക്കുന്ന അവസരം കൂടിയാണിതെന്ന് ഗായത്രി പറഞ്ഞു. വ്യാപാരം, ധനകാര്യം, പ്രതിരോധം, സുരക്ഷ, തുടങ്ങിയ മേഖലകളിൽ ഒരുപാട് കാര്യങ്ങളിൽ ഇരുനേതാക്കളും ചർച്ച നടത്തും.
‘ഒരു സൂര്യൻ, ഒരു ലോകം, ഒരു ശൃംഖല’ എന്ന ഇന്ത്യൻ ആശയം നടപ്പാക്കാൻ യുകെയും ഒരുങ്ങുകയാണ്. ഈ ആശയം ആദ്യം ആഗോള പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയിലൂടെയായിരുന്നു. ഇൻവെസ്റ്റ് ഇന്ത്യ എന്ന ഇന്റർനാഷണൽ സോളാർ അലയൻസ് അസംബ്ലിയിൽവെച്ചാണ് പ്രധാനമന്ത്രി ഈ ആശയം മുന്നോട്ട് വെച്ചത്. ഈ പദ്ധതിയെ കുറിച്ചും ഇരുരാജ്യങ്ങളും കോപ്26ൽ ചർച്ച നടത്തും.
ലോകത്ത് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിൽ മുന്നിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് കോപ് 26. ഇവ നിയന്ത്രിക്കുന്നതിനായി ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ഉച്ചകോടിയാണിത്. കാർബൺഡൈ ഓക്സൈന് പുറന്തള്ളുന്നതിൽ മുന്നിലുള്ള ചൈന ഉച്ചകോടിയിൽ നിന്നും പിന്മാറിയിരുന്നു.
Comments