ഷില്ലോങ്: മേഘാലയ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മരുന്നുകൾ വിതരണം ചെയ്യാനായി ഡ്രോണുകളെ വിന്യസിച്ചു. ഡ്രോൺ മാർഗം വിദൂര പ്രദേശങ്ങളിലേയ്ക്ക് മരുന്നുകൾ എത്തിക്കുക എന്ന ദൗത്യം വിജയകരമായിരുന്നുവെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാംഗ്മ പറഞ്ഞു.
ടെക് ഈഗിൾ, സ്മാർട്ട് വില്ലേജ് മൂവ്മെന്റ് എന്നീ സംഘങ്ങളാണ് പദ്ധതി നടപ്പിലാക്കാൻ ആവശ്യമായ സാങ്കേതിക പിന്തുണ നൽകിയത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരുന്നുകൾ വിതരണം ചെയ്യാനായി ഇ-വിടിഒഎൽ (വെർച്വൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ്) ഡ്രോൺ അക്വിലഎക്സ്2 ആണ് ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഡ്രോൺ മാർഗം വിദൂര പ്രദേശങ്ങളിലേയ്ക്ക് മരുന്നുകൾ എത്തിക്കുന്നതിലൂടെ വലിയൊരു പ്രതിസന്ധിയ്ക്ക് പരിഹാരമായതായി ആരോഗ്യ പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഇത്തരം പ്രദേശങ്ങളിലേയ്ക്ക് മരുന്നുകൾ എത്തിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. എന്നാൽ ഡ്രോണിന്റെ വിന്യാസം ആരംഭിച്ചതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരിക്കുകയാണ്. മുൻപ് വിദൂര പ്രദേശങ്ങളിലേയ്ക്ക് മരുന്നുകൾ എത്തിക്കാൻ ചുരുങ്ങിയത് മൂന്ന് മണിക്കൂർ എടുത്തിരുന്നു. എന്നാൽ ഇപ്പോൾ അര മണിക്കൂറിനുള്ളിൽ മരുന്നുകൾ വിതരണം ചെയ്യാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments