തിരുവനന്തപുരം : പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിരുത്തി വിമര്ശിച്ചുവെന്നതിന് പ്രതികരണവുമായി നടന് ജയസൂര്യ. ഞാൻ എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെയെന്ന് മന്ത്രിയോട് ചോദിച്ചിരുന്നുവെന്നും ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു .
ജീവിതത്തിലെ നല്ലൊരു ശതമാനം റോഡിൽ ചെലവഴിക്കുന്നവരാണ് നാമെല്ലാവരും. പലപ്പോഴും റോഡുകളുടെ ശോചനീയാവസ്ഥ കാണുമ്പോൾ നമ്മൾ പ്രതികരിച്ചു പോകാറുണ്ട്. അത്തരത്തിലുള്ള പ്രതികരണങ്ങൾ ഒരു പൗരൻ എന്ന നിലയിൽ സ്വാഭാവികമായും നമ്മുടെ ഉള്ളിൽനിന്ന് പുറത്തുവന്നു പോകുന്നവയാണ്. താനും പ്രതികരിക്കാറുണ്ട്. അതിന് അനുകൂലമോ പ്രതികൂലമോ ആയ ധാരാളം അഭിപ്രായങ്ങളും സമൂഹത്തിൽനിന്ന് കേട്ടിട്ടുണ്ട് – ജയസൂര്യ പറയുന്നു .
രണ്ടുദിവസം മുമ്പ് ബഹുമാനപ്പെട്ട പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ഞാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിത്വമാണ് മുഹമ്മദ് റിയാസ്. ആത്മാർത്ഥമായി നാടിന് മാറ്റം വരണം എന്ന് ചിന്തിക്കുന്ന ഒരു യുവത്വത്തെ അദ്ദേഹത്തിൽ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട് . അതുകൊണ്ടുതന്നെ പരിപാടിയിൽ പങ്കെടുക്കാം എന്നു മറുപടി പറയാൻ ഒട്ടും താമസിക്കേണ്ടി വന്നില്ല. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ കുടുംബവും ഒന്നിച്ച് പ്രഭാത ഭക്ഷണം കഴിച്ചു പരിപാടിക്ക് പോകുന്നതിനിടയിൽ ഞാൻ ചോദിച്ചു, ഞാൻ എന്റെ ഉള്ളിൽ തോന്നുന്നത് വേദിയിൽ പറഞ്ഞോട്ടെ? അദ്ദേഹത്തിന്റെ മറുപടി നിങ്ങൾ ഉള്ളിൽ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകൾ ചൂണ്ടിക്കാട്ടപ്പെടണം . ഞാൻ വേദിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങൾക്കും പ്രതിവിധി ഉണ്ടാക്കാം എന്നും അദ്ദേഹം പറഞ്ഞു – ജയസൂര്യ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Comments