ഇസ്ലാമാബാദ് : പാകിസ്താനിൽ പോളിയോ വാക്സിനേഷൻ പ്രവർത്തകർക്ക് സുരക്ഷയൊരുക്കിയ പോലീസുകാർക്ക് നേരെ ഭീകരാക്രമണം. ഭീകരന്റെ വെടിയേറ്റ് ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. വടക്ക് കിഴക്കൻ പാകിസ്താനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലാണ് സംഭവം.
പ്രവിശ്യയിലെ ടാങ്ക് ജില്ലയിൽ അഞ്ച് ദിവസത്തെ പോളിയോ വാക്സിനേഷൻ യജ്ഞം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഭീകരാക്രമണം. വിവരം അറിഞ്ഞ് ബൈക്കിൽ എത്തിയ ഭീകരർ വാക്സിനേഷൻ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കിയ പോലീസുകാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പോലീസുകാരൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു. ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.
പാകിസ്താനിലെ താലിബാൻ എന്നറിയപ്പെടുന്ന തെഹരീക്-ഇ-താലിബാൻ ആണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. ആക്രമണങ്ങൾക്ക് മണിക്കൂറുകൾക്ക് പിന്നാലെ തെഹരീക് ഇ താലിബാൻ വക്താവ് മുഹമ്മദ് ഖുറസാനിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്ത് വന്നത്.
ഭീകരരുടെ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കഴിഞ്ഞ് വെള്ളിയാഴ്ച സർക്കാർ തെഹരീക് ഇ താലിബാനുമായി ചർച്ച നടത്തുകയും, തുടർന്ന് ഭീകര സംഘടന വെടിനിർത്തൽ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് ലംഘിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്.
Comments