മുംബൈ: മൂന്ന് പതിറ്റാണ്ടുകളായി സിനിമാ ലോകത്തുള്ള വ്യക്തിയാണ് സൽമാൻ ഖാൻ. അഭിനയത്തിന് പുറമെ റിയൽ എസ്റ്റേറ്റ് ബിസിനസും സൽമാൻ ഖാൻ നടത്തുന്നുണ്ട്. അഭിനയത്തിലൂടെയും റിയൽ എസ്റ്റേറ്റ് ബിസിനസുകളിലൂടെയും മാത്രം കോടികളാണ് താരം സമ്പാദിക്കുന്നത്. ഇപ്പോഴിതാ മുംബൈയിലുള്ള തന്റെ ആഡംബര വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ് താരം. വീടിന്റെ വാടക വില ചർച്ചയാക്കുകയാണ് സോഷ്യൽ മീഡിയ.
ആയുഷ് ദുവ എന്ന വ്യക്തിയ്ക്കാണ് സൽമാൻ ഖാൻ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. പ്രതിമാസം 95,000 രൂപയാണ് വീടിന് വാടക. മണി കൺട്രോൾ റിപ്പോർട്ട് പ്രകാരം ഡിസംബർ ആറിനാണ് ലീസ് ആൻഡ് ലൈസൻസ് കരാർ രേഖപ്പെടുത്തിയിരിക്കുന്നത്. 33 മാസത്തേയ്ക്കുള്ള കരാറാണിത്. ശിവ് അസ്താൻ ഹൈറ്റ്സിന്റെ പതിനാലാം നിലയിലാണ് അപ്പാർട്ടമെന്റുള്ളത്.
758 ചതുരശ്രയടിയുള്ള അപ്പാർട്ട്മെന്റാണിത്. 2.85 കോടി രൂപ നിക്ഷേപിച്ചാണ് ആയുഷ് ദുവ വീട് വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൽമാൻ ഖാന് മുംബൈയിൽ നിരവധി വസ്തുവകകൾ ഉണ്ട്. അവയിൽ ചിലത് താരം വാടകയ്ക്കും നൽകിയിട്ടുണ്ട്. ചിലത് ഒഴിഞ്ഞ് കിടക്കുകയുമാണ്. നിരവധി വസ്തുക്കൾ ഉണ്ടെങ്കിലും സൽമാൻ ഖാൻ താമസിക്കുന്ന വീട് വാടകയ്ക്ക് എടുത്തതാണെന്നും റിപ്പോർട്ടുകളുണ്ട്.
നിലവിൽ മുംബൈയിലെ ബാന്ദ്ര ഗാലക്സി അപ്പാർട്ട്മെന്റിലാണ് സൽമാൻ ഖാൻ താമസിക്കുന്നത്. ജനുവരിയിലാണ് ഇവിടെ അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്ത് താരം താമസം തുടങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം 139.40 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രണ്ടാം നിലയിലെ അപ്പാർട്ട്മെന്റ്, 25 ലക്ഷം രൂപ നിക്ഷേപിച്ച് നാല് വർഷത്തേയ്ക്കാണ് സൽമാൻ വാടയ്ക്ക് എടുത്തിരിക്കുന്നത്.
Comments