തിരുവനന്തപുരം: കേരളത്തിലെ രണ്ട് രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ പോലീസ് വീഴ്ച ഉണ്ടായിട്ടില്ലെന്ന ന്യായീകരണവുമായി ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം. സംസ്ഥാനത്തെ പോലീസിന്റെ പ്രവര്‍ത്തനം മികച്ചതാണ്. മുന്‍പുണ്ടായ കേസുകളിലെല്ലാം പോലീസ് സമര്‍ത്ഥമായാണ് അന്വേഷണം നടത്തുന്നത്. കൊലപാതകത്തില്‍ രാഷ്‌ട്രീയ വിവാദമല്ല ഉണ്ടാകേണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി ഇതിനെ നേരിടണം. പോപ്പുലര്‍ ഫ്രണ്ടിനെ വളര്‍ത്തുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പങ്കുണ്ട്. ഇ.ഡി റെയിഡിലെല്ലാം കാലതാമസങ്ങള്‍ വന്നു. ഏജന്‍സികള്‍ തമ്മില്‍ ഏകോപനമില്ലെന്നും റഹീം ആരോപിച്ചു.
സംഭവത്തില്‍ പോലീസിന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡിജിപി അനില്‍ കാന്തും പറഞ്ഞു. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. എഡിജിപിയുടെ നേതൃത്വത്തില്‍ പത്യേക സംഘങ്ങളാണ് രണ്ട് കൊലപാതകം അന്വേഷിക്കുക. സംഘര്‍ഷമേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്‌നക്കാരായ നേതാക്കളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. തുടര്‍സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക പെട്രോളിങ് നടത്താനും വാഹന പരിശോധന കര്‍ശനമാക്കാനുമാണ് നിര്‍ദേശം.
ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു ആദ്യ കൊലപാതകം. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കാറിലെത്തിയ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച രാവിലെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐക്കാര്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ എസ്ഡിപിഐയുടെ ഒരു ആംബുലന്‍സ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 11 എസ്ഡിപിഐ പ്രവര്‍ത്തകരും കസ്റ്റഡിയില്‍ ഉള്ളതായി സൂചനയുണ്ട്.















