മലപ്പുറം : ആനക്കയത്ത് ഓട്ടോ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ചേപ്പൂർ കുരിമണ്ണിൽ പൂവജത്തിക്കൽ ഖൈറുന്നീസ (46), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഉച്ചയോടെ വള്ളിക്കാപ്പറ്റയിലായിരുന്നു സംഭവം.
ഓട്ടോ 40 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ചെറിയ റോഡിലൂടെ പോകുന്നതിനിടെ ഓട്ടോറിക്ഷ കല്ലിൽ തട്ടി മറിയുകയായിരുന്നു. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു ഇവർ.
ഓട്ടോ ഡ്രൈവർ ചണ്ടിയൻമൂച്ചി അസൻ കൂട്ടി , ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഈ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേർ മഞ്ചേരി മെഡിക്കൽ കോളേജിൽ ആണ് ഉള്ളത്. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments