പാലക്കാട് : ദേശീയ പാതയിൽ വാഹനാപകടം. ലോറിയ്ക്ക് പിന്നിൽ കാർ ഇടിച്ച് സ്ത്രീയുൾപ്പെടെ രണ്ട് പേർ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ തമിഴരശ്ശി, പ്രശാന്ത് എന്നിവരാണ് മരിച്ചത്.
പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. തിരുച്ചിറപ്പള്ളിയിൽ നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാർ ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തിരുച്ചിറപ്പള്ളി സ്വദേശി പ്രസാദ്, ഭാര്യ വിജിത എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആറ് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്കും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റിട്ടുണ്ട്. എന്നാൽ ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.
Comments