ഛണ്ഡീഗഡ് : ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് എംഎൽഎ റാണ ഗുർമിത് സിംഗ് സോധിയുടെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്രം. സോധിയ്ക്ക് ഇഡെഡ് കാറ്റഗറി സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ബിജെപിയിൽ ചേർന്നതിന് പിന്നാലെ സോധിയെ അപായപ്പെടുത്താനുള്ള പദ്ധതികൾ നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വർദ്ധിപ്പിച്ചത്.
പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഇസെഡ് പ്ലസ് സംരക്ഷണം ഉണ്ടാകുക. ആറ് മുതൽ എട്ട് വരെ കമാൻഡോകൾ അദ്ദേഹത്തിന് സുരക്ഷ ഉറപ്പാക്കും. നിലവിൽ കേന്ദ്രമന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവർ ഉൾപ്പെടെ 76 പ്രമുഖർക്കാണ് കേന്ദ്രം ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നത്.
ഡിസംബർ 21 നാണ് കോൺഗ്രസിൽ നിന്നും രാജിവെച്ച സോധി ബിജെപിയിൽ ചേർന്നത്. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അടുത്ത അനുയായിയാണ് സോധി. അമരീന്ദർ സിംഗിന്റെ രാജിയ്ക്ക് ശേഷമാണ് സോധിയും പാർട്ടിവിട്ടത്.
ഗുരുഹർസഹായി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് സോധി.
Comments