ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ആദ്യമായി സ്വന്തമാക്കാൻ ഇന്ത്യക്ക് ഇന്ന് നിർണ്ണായക ദിനം. രണ്ടാം ടെസ്റ്റിൽ രണ്ടു ദിവസവും 8 വിക്കറ്റുകളും കയ്യിലിരിക്കേ ദക്ഷിണാഫ്രിക്കയ്‌ക്ക് ജയിക്കാൻ 122 റൺസ് മാത്രം മതി. എന്നാൽ ആതിഥേയരെ എറിഞ്ഞിടുമെന്നാണ് ഇന്ത്യൻ ബൗളർമാർ അവകാശപ്പെടുന്നത്. ഇതുവരെ ഇന്ത്യ ജോഹന്നാസ്ബർഗിൽ തോറ്റിട്ടില്ലെന്നതാണ് മറ്റൊരു ചരിത്രം.
ഇന്നലെ ഇന്ത്യയെ 266 റൺസിന് പുറത്താക്കാനായതാണ് ദക്ഷിണാഫ്രിക്കയ്‌ക്കുണ്ടായ നേട്ടം. തുടർന്ന് രണ്ടാമിന്നിംഗ്‌സിൽ ഇന്നലെ കളിനിർത്തുമ്പോൾ ആതിഥേയർ 2 വിക്കറ്റ് നഷ്ടത്തിൽ 118 എന്ന ഭേദപ്പെട്ട നിലയിലാണ്. കരുതലോടെ ബാറ്റ് വീശുന്ന നായകൻ ജീൻ എൽഗറും(46), വാൻ ഡെർ ഡ്യൂസ(11)നുമാണ് ക്രീസിലുള്ളത്. ഇന്ന് രാവിലെ ലഭിക്കുന്ന ഈർപ്പം മുതലെടുത്ത് വിക്കറ്റുകൾ വീഴ്‌ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ നിര.
ആദ്യ ഇന്നിംഗ്‌സിൽ ഏഴു വിക്കറ്റുകൾ വീഴ്‌ത്തിയ ഷാർദ്ദൂൽ ഠാക്കൂറാണ് രണ്ടാം ഇന്നിംഗ്‌സിലും തുടക്കം വിക്കറ്റ് വീഴ്‌ത്തിയത്. അപകടകാരിയായ മർക്കറാമിനെ 31ൽ വിക്കറ്റിന് മുന്നിൽ കുടുക്കി. കീഗൻ പീറ്റേഴ്‌സണിനെ അശ്വിനും അതേ നിലയിൽ പുറത്താക്കി.















