ന്യൂഡല്‍ഹി:പഞ്ചാബ് ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനുണ്ടായ സുരക്ഷാവീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചാന്നി. ജനുവരി അഞ്ചിനാണ് സുരക്ഷാ വീഴ്ചയുണ്ടായത്.
കൊറോണ അവലോകനത്തിനായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചത്. കൂടാതെ പ്രധാനമന്ത്രിക്ക് ദീര്‍ഘായുസ്സും നേര്‍ന്നു.
ഹുസൈന്‍വാല ദേശീയ രക്തസാക്ഷി സ്മാരകത്തിനു സമീപം പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്നാണ് പ്രധാനന്ത്രിയുടെ വാഹനവ്യൂഹം ഫ്ളൈഓവറില്‍ കുടുങ്ങിയത്. ഇതേ തുടര്‍ന്ന് ഫിറോസ്പൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാതെ പ്രധാനമന്ത്രി മടങ്ങി.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ സംഭവത്തെ വലിയ സുരക്ഷാവീഴ്ചയായാണ് കണക്കാക്കിയത്. സംഭവത്തില്‍ അന്നുതന്നെ മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രിക്ക് ഭീഷണി ഉണ്ടായിട്ടില്ലെന്ന ന്യായീകരണവുമായി രംഗത്ത് എത്തിയിരുന്നു.
അതെ സമയം സുപ്രീംകോടതി നിയോഗിച്ച മുന്‍ജഡ്ജ് ഇന്ദുമല്‍ഹോത്ര ചെയര്‍പഴ്സനായ കമ്മറ്റി സുരക്ഷാ വീഴ്ച അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ കമ്മറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ അല്ലെങ്കില്‍ ഇന്‍സ്പെക്ടര്‍ ജനറലില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥന്‍, പഞ്ചാബ് ഡിജിപി, ചണ്ഡിഗഡ് അഡിഷണല്‍ ഡിജിപി, പഞ്ചാബ് ഹരിയാന ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍മാര്‍ എന്നിവരാണ് കമ്മറ്റിയിലുള്ള മറ്റ് അംഗങ്ങള്‍.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച അന്വേഷണം നിര്‍ത്തി വയ്‌ക്കാനും സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട രേഖകള്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ സുരക്ഷിതമായി സൂക്ഷിക്കാനും രേഖകള്‍ സമിതിക്ക് കൈമാറാനും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ വീഴ്ചയുണ്ടാകാന്‍ കാരണം, ഇതിന് കാരണക്കാരായവര്‍ ആരെല്ലാം, ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയാകും പ്രധാനമായും സമിതി അന്വേഷിക്കുക.
Comments