വാഷിംഗ്ടൺ: യുക്രെയ്‌നിലെ എംബസി തലസ്ഥാന നഗരമായ കീവിൽ നിന്ന് പടിഞ്ഞാറൻ നഗരമായ ലിവിവിലേക്ക് മാറ്റുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ അറിയിച്ചു. യുക്രെയ്ൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് യുഎസിന്റെ ഈ നടപടി.
റഷ്യൻ സേനയുടെ നാടകീയമായ ഇടപെടലുകൾ കാരണം യുക്രെയ്‌നിലെ കിവിലെ എംബസി ലിവിവിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചതായി ബ്ലിങ്കൺ വ്യക്തമാക്കി. എംബസിയുടെ പ്രവർത്തനങ്ങൾ കീവിയിൽ മാറ്റുമെങ്കിലും യുക്രെയ്ൻ സർക്കാറുമായുള്ള ബന്ധം തുടരുമെന്നും രാജ്യത്തെ നയതന്ത്ര ഇടപെടലുകൾ ഏകോപിപ്പിക്കുകയും ചെയ്യുമെന്ന് ബ്ലിങ്കൺ കൂട്ടിച്ചേർത്തു.
റഷ്യൻ സൈന്യത്തിന്റെ ആക്രണം ഉണ്ടായേക്കുമെന്ന റിപ്പോർട്ടിനെ തുടർന്ന് എംബസിയിലെ നയതന്ത്ര പ്രതിനിധികളുടെ കുടുംബങ്ങളോട് രാജ്യം വിടാൻ യുഎസ് നിർദ്ദേശിച്ചിരുന്നു. അടിയന്തിര ജോലിയുള്ളവർ മാത്രം യുക്രെയ്നിൽ തുടർന്നാൽ മതിയെന്നായിരുന്നു നിർദ്ദേശം.
ഏത് നിമിഷവും റഷ്യൻ അധിനിവേശത്തിനുളള സാദ്ധ്യത കണക്കിലെടുത്താണ് അമേരിക്ക നിർദ്ദേശം നൽകിയത്. യുദ്ധമുണ്ടായാൽ അടിയന്തരമായുള്ള ഒഴിപ്പിക്കലിന് സജ്ജമായ അവസ്ഥയിലല്ല രാജ്യമെന്നും യുഎസ് വ്യക്തമാക്കുന്നു. യുക്രെയ്നിലേക്കുളള യുഎസ് പൗരൻമാരുടെ യാത്രയിൽ അമേരിക്ക നേരത്തെ സുരക്ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
അതേ സമയം യുക്രെയ്‌നുമായി യുദ്ധത്തിനില്ലെന്ന് ലോകരാഷ്‌ട്രങ്ങൾക്ക് മുൻപിൽ ആവർത്തിക്കുമ്പോഴും ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് റഷ്യ.ഇതിന് തെളിവെന്നോണം യുക്രെയിനിന്റെ സമീപ പ്രദേശങ്ങളിൽ സൈനിക സന്നാഹം വർദ്ധിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ബെലറൂസ്,ക്രീമിയ,പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിലെ സൈനിക വിന്യാസത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
Comments