ചെന്നൈ : കോയമ്പത്തൂരിൽ നടൻ അജിതിന്റെ ആരാധകർക്ക് നേരെ ബോംബ് ആക്രമണം. പുതിയ സിനിമ വലിമൈയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള ആഘോഷ പരിപാടികൾക്കിടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
പുലർച്ചെയോടെയായിരുന്നു ആക്രമണം ഉണ്ടായത്. കോയമ്പത്തൂരിലെ അർച്ചന തിയറ്ററിന് മുൻപിൽ ആയിരുന്നു സംഭവം. വലിമൈയുടെ ആദ്യ ഷോ കാണാൻ അർദ്ധരാത്രി മുതൽ തന്നെ ആരാധകർ തിയറ്ററിന് മുൻപിൽ തടിച്ചുകൂടിയിരുന്നു. പാട്ടും ഡാൻസുമായി ആരാധകർ ആഘോഷിക്കുന്നതിനിടെ വാഹനത്തിൽ എത്തിയ ഒരു സംഘം ബോംബ് എറിയുകയായിരുന്നു.
ആക്രമണത്തിൽ ആളപായമില്ല. ചിലർക്ക് ചെറിയ പൊള്ളൽ ഏറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കായി പോലീസ് തിയറ്ററിലെ സിസിടിവി ക്യാമറ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
ഇതിനിടെ ചെന്നൈയിൽ കടയിൽ നിന്നും ആരാധകർ തൈര് മോഷ്ടിച്ചു. കട്ട്ഔട്ടിൽ അഭിഷേകം നടത്തുന്നതിനായി പാലാണെന്ന് കരുതിയാണ് തൈര് മോഷ്ടിച്ചത്. കടയുടമയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Comments