ഇസ്ലാമാബാദ് : റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിൽ 2000-ലധികം പാകിസ്താൻ പൗരന്മാരാണ് ഇപ്പോഴും കീവിലും മറ്റ് നഗരങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത് . സ്വന്തം ജനതയെ രക്ഷിക്കുന്നതിൽ പരാജയപ്പെട്ട പാകിസ്താൻ ഇന്ത്യയോട് സാമ്പത്തിക സഹായം ആവശ്യപ്പെടണമെന്ന് അൾജീരിയയിലെ പാകിസ്താൻ എംബസിയുടെ ട്വീറ്റ്.
പാകിസ്താൻ പൗരന്മാരെ ഒഴിപ്പിക്കാൻ യുക്രെയ്നിലേക്ക് ഫണ്ട് വകമാറ്റാനും എംബസി ആവശ്യപ്പെടുന്നു . “ യുക്രെയ്നിൽ നിന്ന് പലായനം ചെയ്യാൻ പാക് പൗരന്മാർ ഇന്ത്യൻ പതാക ഉപയോഗിക്കുന്നതിനാൽ നമ്മൾ ഇന്ത്യയിൽ നിന്ന് ഫണ്ട് ചോദിക്കാൻ തുടങ്ങണോ, ”അൾജീരിയയിലെ പാക് എംബസി ട്വീറ്റ് ചെയ്തു. നാളിതുവരെ ഒരു പാക് പൗരനെയും ഒഴിപ്പിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാനോ യുക്രെയ്നിൽ കുടുങ്ങിപ്പോയ പാകിസ്താൻ പൗരന്മാരെ സഹായിക്കാനോ പണമില്ലെന്നും ട്വീറ്റിൽ പറയുന്നു. തങ്ങളുടെ ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലെന്നും അവർ പറയുന്നുണ്ട് .
അതേസമയം പാക് എംബസിയിൽ നിന്നുള്ള ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് വൈറലായതിനു പിന്നാലെ തങ്ങളുടെ എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടുവെന്നും പോസ്റ്റുകൾ തങ്ങളുടേതല്ലെന്നും അവകാശപ്പെട്ട് പാകിസ്താൻ വിദേശകാര്യ ഓഫീസ് രംഗത്തെത്തി . പിന്നാലെ ട്വീറ്റും ഡിലീറ്റ് ചെയ്തു.
എംബസിയുടെ ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി വിദേശകാര്യ വക്താവ് ട്വിറ്ററിൽ പറഞ്ഞു. ഈ അക്കൗണ്ടുകൾ വഴി പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങൾ എംബസിയിൽ നിന്നുള്ളതല്ലെന്നും ട്വീറ്റിൽ പരാമർശിക്കുന്നുണ്ട്.
യുക്രെയ്നിലെ പാകിസ്താൻ വിദ്യാർത്ഥികൾക്ക് പാക് അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തിയാൽ സഹായം നൽകാമെന്ന് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്യുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.വിദ്യാർത്ഥികളെ ബസിനുള്ളിൽ ഇരുത്തി ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യം വിളിപ്പിക്കുകയും കുറച്ച് സമയത്തിന് ശേഷം താഴെയിറക്കുകയും ചെയ്തു. പിന്നീട് പാക് വിദ്യാർത്ഥികൾ ഏറെ ദൂരം നടന്ന് കൊടും തണുപ്പിലും പോളണ്ട് അതിർത്തിക്ക് സമീപം എത്തി. സംഘർഷത്തിനിടയിൽ പാക് സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും അവർ വീഡിയോയിൽ പറയുന്നു.
Comments