ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരിടത്ത് പോലും ശക്തി പ്രകടിപ്പിക്കാനാകാതെ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. ജനങ്ങളുടെ തീരുമാനം സ്വീകരിക്കുന്നുവെന്നും ഇനിയും പഠിച്ച് പോരാടുമെന്നുമാണ് രാഹുൽ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ പാർട്ടി നേതാക്കൾക്കും നന്ദി അറിയിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. ഇതുവരെ ഉണ്ടായ സംഭവങ്ങളിൽ നിന്ന് ഇനിയും പഠിക്കും, രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി ഇനിയും പ്രവർത്തിക്കും. പാർട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുമ്പോൾ ബിജെപി വിജയക്കൊടി പാറിച്ചുകൊണ്ട് മുന്നേറുകയാണ്. യുപിയിലും ഉത്തരാഖണ്ഡിലും ചരിത്രം കുറിച്ചുകൊണ്ടാണ് ബിജെപി വീണ്ടും അധികാരത്തിൽ എത്തുന്നത്. മണിപ്പൂരിലും ഗോവയിലും ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾക്കായില്ല. പഞ്ചാബിൽ കോൺഗ്രസിനെ വീഴ്ത്തിക്കൊണ്ട് ആം ആദ്മിയും മുന്നിലെത്തി.
ഒരിടത്ത് പോലും ആശ്വാസ വിജയം നേടാനാകാതെ കോൺഗ്രസ് ചിത്രത്തിൽ നിന്നും ഇല്ലാതായിരിക്കുകയാണ്. അവസാന നിമിഷം വരെ ആത്മവിശ്വാസത്തോടെ നിൽക്കണം എന്ന് പറയാൻ പോലും നേതാക്കൾ മടിക്കുന്നു. കോൺഗ്രസ് ഒരു പ്രാദേശിക പാർട്ടിയായി ചുരുങ്ങുമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ പറഞ്ഞത് യാഥാർത്ഥ്യമാകുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Comments