തിരുവനന്തപുരം: സിൽവർ ലൈൻ സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ച ആരംഭിച്ചു. വിഷയത്തിൽ സർക്കാർ ചർച്ചയ്‌ക്ക് തയാറായത് സമരത്തിന്റെ വിജയമാണെന്ന് പ്രമേയം അവതരിപ്പിച്ച് പി.സി.വിഷ്ണുനാഥ് പറഞ്ഞു. 14 പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ഒരു മണി മുതൽ മൂന്നു മണി വരെയാണ് ചർച്ചയ്‌ക്ക് സ്പീക്കർ സമയം അനുവദിച്ചിരിക്കുന്നത്. സഭയിൽ ചർച്ചയില്ലെന്ന നിലപാടിൽ നിന്ന് സർക്കാരിന് പിൻവാങ്ങേണ്ടി വന്നു. സിൽവർ ലൈൻ പദ്ധതിക്കെതിരെ പോരാടുന്ന വീട്ടമ്മമാരുടെ വിജയം കൂടിയാണ് ഈ ചർച്ചയെന്നും വിഷ്ണുനാഥ് പറഞ്ഞു. ഇത് യുഡിഎഫ് കൂടി നയിക്കുന്ന കേരളത്തിലെ സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ വിജയമാണ്. സിൽവർ ലൈൻ പദ്ധതിയിൽ ചർച്ചയേ വേണ്ട എന്ന നിലയിൽ നിന്നുള്ള സർക്കാരിന്റെ നിലപാട് മാറ്റം പ്രതിപക്ഷത്തിന്റെ വിജയമാണ്. സിൽവർ ലൈൻ സർവ്വേക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ ഹീനമായി നേരിടുകയാണ് പോലീസ്.
സ്ത്രീകൾ എന്നോ കുട്ടികൾ എന്നോ നോക്കാതെ എതിർക്കുന്നവരെ ആക്രമിക്കുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ആറാടുകയാണ്, അഴിഞ്ഞാടുകയാണ്. സാമൂഹിക അതിക്രമം നടത്തിയാണോ സാമൂഹിക ആഘാത പഠനം നടത്തുന്നത്. ജനാധിപത്യ വിരുദ്ധമായ ഫാസിസമാണ് കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത്. സമ്പന്ന വർഗ്ഗത്തിന്റെ താലപര്യങ്ങൾ സംരക്ഷിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ. ഇരട്ടത്താപ്പ് നയമാണ് സർക്കാരിനും സിപിഎമ്മിനും. 137 കിലോമീറ്റർ നെൽ വയലിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുന്നത്. അടിമുടി ദുരൂഹമായ പദ്ധതിയാണിത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പോലീസ് മഞ്ഞ കുറ്റിയ്‌ക്ക് കാവൽ നിൽക്കുന്നു. ലോക സമാധാനത്തിന് രണ്ട് കോടി നീക്കിവച്ചു. മലയാളിയുടെ സമാധാനം കളയാൻ 2000 കോടി നീക്കിവച്ചു. കെ റെയിൽ വേണ്ട കേരളം മതി. പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
എന്നാൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയപ്പോൾ പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് തോറ്റപ്പോൾ ഉണ്ടായ മ്ലാനത ആയിരുന്നുവെന്ന് മറുപടിയായി എം.എൻ.ഷംസീർ പരിഹസിച്ചു. എൽഡിഎഫ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യം ആണ് സിൽവർ ലൈൻ. ആരെല്ലാം എതിർത്താലും പദ്ധതി നടപ്പിലാക്കും. പ്രതിപക്ഷം മനോഭാവം മാറ്റിയില്ലെങ്കിൽ രക്ഷപെടില്ല. യാത്രാ വേഗത വർധിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യം. പരിസ്ഥിതിയെ കുറിച്ച് നിങ്ങൾ ബേജാറാകേണ്ട. രണ്ടാം വിമോചന സമരത്തിന് കോപ്പ് കൂട്ടുകയാണ്. അത് നടക്കില്ല. സ്ഥലമേറ്റെടുക്കലിൽ ഗ്രാമങ്ങളിൽ 4 ഇരട്ടിയും പട്ടണങ്ങളിൽ 5 ഇരട്ടിയും നഷ്ടപരിഹാരം നൽകുന്നു. വികസന വിരുദ്ധ രാഷ്‌ട്രീയമാണ് കോൺഗ്രസ് പരാജയത്തിന്റെ കാരണം. തടയാൻ പോയാൽ ഇനിയും തല്ല് കിട്ടുമെന്നും ഷംസീർ എം എൽ എ പറഞ്ഞു.
Comments