ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കും. സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ മദൻ കൗശിക്കാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നും മദൻ കൗശിക് അറിയിച്ചു. 70 സീറ്റുകളുള്ള സംസ്ഥാനത്ത് 41 സീറ്റുകൾ നേടിയാണ് ബിജെപി സംസ്ഥാനത്ത് തുടർഭരണമെന്ന ചരിത്രം കുറിയ്‌ക്കുന്നത്.
സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ബിജെപി നിയമസഭാ കക്ഷിയോഗം ഇന്ന് നടന്നേക്കും. കേന്ദ്രമന്ത്രിമാരായ രാജ് നാഥ് സിംഗ്, മീനാക്ഷി ലേഖി, പ്രഹ്ളാദ് ജോഷി എന്നിവർ യോഗത്തിൽ പങ്കെടുക്കും. എല്ലാ എംഎൽഎമാരോടും യോഗത്തിൽ പങ്കെടുക്കാനായി ഡെറാഡൂണിലേക്ക് എത്താൻ പാർട്ടി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 25 സീറ്റുകൾ മാത്രമാണ് നേടാനായത്.
ഭരണ തുടർച്ചയെന്ന പതിവ് ഉത്തരാഖണ്ഡിൽ ഉണ്ടായിരുന്നില്ല. ഈ ചരിത്രമാണ് ബിജെപി ഇവിടെ തിരുത്തി എഴുതിയത്. അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥി ഭൂവൻ ചന്ദ്രകാപ്രിയോട് 6579 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രിയായിരുന്ന പുഷ്‌കർ ധാമി പരാജയപ്പെട്ടത്. ധാമിയ്‌ക്ക് ആകെ 41,598 വോട്ടുകൾ ലഭിച്ചു. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, അഞ്ച് മന്ത്രിമാർ, അദ്ധ്യക്ഷൻ മദൻ കൗശിക് എന്നിവരായിരുന്നു ബിജെപിക്കായി മത്സര രംഗത്തുള്ള പ്രമുഖർ.
Comments