കൊച്ചു കുട്ടികൾ പോലീസ് സ്റ്റേഷനിലെത്തി പരാതി പറയുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സ്കൂൾ ടീച്ചർ അടിച്ചെന്നൊക്കെ പറഞ്ഞാണ് കുട്ടികൾ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. ഇപ്പോഴിതാ സ്കൂളിന് സമീപത്തെ ഒരു പ്രശ്നം പരിഹരിക്കാൻ പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ.
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള പോലീസ് സ്റ്റേഷനിലെത്തിയാണ് യുകെജി വിദ്യാർത്ഥിയായ കാർത്തിക് പരാതി നൽകുന്നത്. സ്കൂളിന് സമീപമുള്ള ഗതാഗത കുരുക്കിനെ കുറിച്ചാണ് ആറ് വയസ്സുകാരനായ കാർത്തിക് പോലീസിൽ പരാതി നൽകിയത്. ഗതാഗതം തടസ്സപ്പെടുത്തുന്ന റോഡുകളിലെ കുഴികളും ട്രാക്ടറുകളും വാഹനങ്ങളുടെ അമിത വേഗതയുമെല്ലാം കാർത്തിക് പരാതിയിൽ പറയുന്നുണ്ട്.
സർക്കിൾ ഇൻസ്പെക്ടർ എൻ ഭാസ്കറിനാണ് കാർത്തിക് പരാതി നൽകിയത്. തന്റെ സ്കൂളിന് സമീപത്തെ പ്രശ്നങ്ങൾ പരിഹരിക്കാനായി സ്ഥലം സന്ദർശിക്കാനും കാർത്തിക്ക് പറഞ്ഞിട്ടുണ്ട്. കാർത്തിക്കിന്റെ പരാതി കേട്ട പോലീസ് ഓഫീസർ എത്രയും പെട്ടന്ന് പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയാണ് വീട്ടിലേക്ക് മടക്കിയത്.
കാർത്തിക്കിന്റെ സ്കൂളിന് സമീപമുള്ള റോഡിൽ ഡ്രെയ്നേജ് സംബന്ധമായ ജോലികൾ നടക്കുന്നുണ്ട്. ഇതാണ് ഗതാഗതകുരുക്കിന്റെ പ്രധാന കാരണമെന്ന് ഭാസ്കർ പറഞ്ഞു. കാർത്തിക്കിന് തന്റെ മൊബൈൽ നമ്പറും ഭാസ്കർ നൽകി.
Comments