ന്യൂഡൽഹി: വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് പ്രദർശനം തുടരുകയാണ്. ഇതുവരെ 150 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വരുമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ ആവശ്യപ്പെട്ട മദ്ധ്യപ്രദേശിലെ ഐഎഎസ് ഓഫീസർക്ക് മറുപടി നൽകിയിരിക്കുകയാണ് വിവേക് അഗ്നിഹോത്രി.
കശ്മീരി പണ്ഡിറ്റുകളായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും കശ്മീർ അവർക്കായി ഒരുക്കുന്ന വീടുകളുടെ നിർമ്മാണ പ്രവർത്തനത്തിനും സിനിമയുടെ വരുമാനം നൽകണമെന്നാണ് ഐഎഎസ് ഓഫീസറായ നിയാസ് ഖാൻ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. മാർച്ച് 25ന് താൻ ഭോപ്പാൽ സന്ദർശിക്കുന്നുണ്ടെന്നും അന്ന് ഇതിനെ കുറിച്ച് സംസാരിക്കാമെന്നുമാണ് വിവേക് അഗ്നിഹോത്രി മറുപടി നൽകിയത്.
Sir Niyaz Khaan Sahab, Bhopal aa raha hoon 25th ko. Please give an appointment so we can meet and exchange ideas how we can help and how you can help with the royalty of your books and your power as an IAS officer. https://t.co/9P3oif8nfL
— Vivek Ranjan Agnihotri (@vivekagnihotri) March 20, 2022
മദ്ധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് നിയാസ് ഖാൻ. 2014ൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ യസീദികളുടെ വംശഹത്യയെക്കുറിച്ച് അദ്ദേഹം ഏഴോളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നേരിൽ കാണുമ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംബന്ധിച്ച് എങ്ങനെ സഹായിക്കാമെന്ന് ചർച്ച ചെയ്യാമെന്ന് വിവേക് പറഞ്ഞു. നിയാസ് എഴുതിയ പുസ്തകങ്ങളെ കുറിച്ചും വിവേക് ട്വീറ്റിൽ കുറിച്ചു.
പുസ്തകങ്ങളുടെ റോയൽറ്റി സംബന്ധിച്ചും ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയിൽ താങ്കൾക്ക് എങ്ങനെ സഹായിക്കാമെന്നതിനെ കുറിച്ചും ചർച്ച ചെയ്യാമെന്നാണ് വിവേക് കുറിച്ചത്. രാജ്യത്തുടനീളം മുസ്ലീങ്ങൾ അനുഭവിക്കുന്ന ക്രൂരതകളെ കുറിച്ച് സിനിമ ചെയ്യണമെന്നും ഐഎഎസ് ഓഫീസർ ട്വീറ്റിൽ പറഞ്ഞിരുന്നു.
Comments