കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസത്തിനുള്ളിൽ നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസിൽ തുടരന്വേഷണത്തിന് അനുമതി ലഭിച്ചെങ്കിലും ദിലീപിനെ ചോദ്യം ചെയ്യാൻ വിളിച്ചിരുന്നില്ല.
അഞ്ച് വർഷത്തിന് ശേഷമാണ് കേസിൽ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ പ്രവാസി സംരംഭകയായ സീരിയൽ നടിയെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ഏറെ അടുപ്പമുള്ള നടിയെ തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽവെച്ചാണ് ചോദ്യം ചെയ്തത്. ദിലീപുമായി അടുത്ത ബന്ധമുള്ള വനിതാ സീരിയൽ നിർമ്മതാവിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.
ദിലീപുമായി അടുത്ത ബന്ധമുള്ള സ്ത്രീയാണ് ആക്രമിക്കപ്പെട്ട നടിയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ദിലീപിന്റെ നായികയായിരുന്ന നടിയേയും ഉടൻ ചോദ്യം ചെയ്യും. ദിലീപിന്റെ നായികയായ ഈ നടി ഒരു ഇടവേളയ്ക്ക് ശേഷം ഈ അടുത്താണ് സിനിമയിലേക്ക് തിരിച്ചെത്തിയത്. വധഗൂഢാലോചന കേസിൽ ദിലീപിനെ ചോദ്യം ചെയ്യാൻ കോടതി മൂന്ന് ദിവസം അനുവദിച്ചിരുന്നു.
Comments