ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ യുദ്ധം ആരംഭിച്ചിട്ട് ഇന്നേക്ക് ഒരുമാസം. കഴിഞ്ഞ ഫെബ്രുവരി 24ന് അർദ്ധരാത്രിയായിരുന്നു യുക്രെയ്‌നെതിരെ റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. ഇവിടന്നങ്ങോട്ട് അതിർത്തികൾ പിടിച്ചടക്കി ഇരച്ചുകയറിയ റഷ്യൻ പട്ടാളക്കാർ ഒട്ടുമിക്ക പ്രധാന യുക്രെയ്ൻ നഗരങ്ങളും പിടിച്ചടക്കി. മിസൈൽ ആക്രമണങ്ങളും ബോംബേറുമെല്ലാം രാജ്യത്തെ പതിവ് കാഴ്ചയായി.. എന്നിട്ടും ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രത്തിനും ശക്തനായ ഭരണാധികാരിക്കും മുമ്പിൽ തോറ്റുകൊടുക്കാത്ത പോരാട്ടവീര്യവുമായി നിവർന്ന് നിൽക്കുകയാണ് യുക്രെയ്ൻ..
ആക്രമണം ആരംഭിച്ചതുമുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദശലക്ഷക്കണക്കിന് യുക്രെയ്‌ൻ പൗരന്മാർക്ക് പലായനം ചെയ്യേണ്ടി വന്നു. അയൽരാജ്യങ്ങളായ ഹംഗറി, പോളണ്ട്, സ്ലോവാക്യ, റുമേനിയ എന്നീ രാജ്യങ്ങളായിരുന്നു പ്രധാനമായും അഭയാർത്ഥികളെ നേരിട്ടത്. ഇതിനിടെ ആയിരക്കണക്കിന് യുക്രെയ്‌നികൾ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും ചെയ്തു. ഒരു ഇന്ത്യൻ വിദ്യാർത്ഥി ഉൾപ്പെടെയുള്ളവരാണ് റഷ്യൻ ആക്രമണത്തിന് ഇരയായത്.
20,000ത്തിലധികം വരുന്ന ഇന്ത്യക്കാരെ യുദ്ധമുഖത്ത് നിന്നും സുരക്ഷിതരായി തിരിച്ചെത്തിക്കുകയെന്ന വലിയ ദൗത്യവും കേന്ദ്രസർക്കാരിന് മുന്നിലുണ്ടായിരുന്നു. ഓപ്പറേഷൻ ഗംഗ എന്ന രക്ഷാദൗത്യത്തിലൂടെ എല്ലാ ഇന്ത്യക്കാരെയും മാതൃരാജ്യത്തെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ആശ്വാസമേകുന്ന കാര്യം..
അതേസമയം യുക്രെയ്‌നിൽ ചെറുത്തുനിൽപ്പ് തുടരുന്ന പ്രസിഡന്റ് സെലൻസ്‌കി ലോകരാജ്യങ്ങളുടെ പിന്തുണയാവശ്യപ്പെട്ട് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. യുക്രെയ്ൻ പ്രതീകങ്ങളുമായി നിങ്ങൾ തെരുവിലിറങ്ങണമെന്നും രാജ്യത്തിന്റെ സ്വാതന്ത്യത്തിന് വേണ്ടി ശബ്ദമുയർത്തണമെന്നും യുദ്ധത്തിന്റെ ഒരു മാസം പിന്നിടുന്ന വേളയിൽ സെലൻസ്‌കി പ്രതികരിച്ചു. അതിനിടെ യുദ്ധം ചർച്ച ചെയ്യാൻ നാറ്റോ നേതാക്കൾ ഇന്ന് യോഗം ചേരുമെന്നാണ് വിവരം.
Comments