ന്യൂഡൽഹി : അമേരിക്കൻ കോൺഗ്രസ് വനിതാ പ്രതിനിധിയുടെ പാക് അധീന കശ്മീർ സന്ദർശനത്തെ അപലപിച്ച് ഇന്ത്യ. ഇന്ത്യയുടെ അഖണ്ഡതയെയും, പരമാധികാരത്തെയും വെല്ലുവിളിക്കുന്നതാണ് അമേരിക്കൻ കോൺഗ്രസ് പ്രതിനിധി ഇൽഹാൻ ഒമറിന്റെ സന്ദർശനമെന്ന് കേന്ദ്രവിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാകിസ്താൻ അനധികൃതമായി കയ്യേറിയ ജമ്മു കശ്മീരിന്റെ മേഖലകളിൽ ആണ് ഒമർ സന്ദർശനം നടത്തിയിരിക്കുന്നത്. ഇത്തരത്തിൽ സങ്കുചിതമായ രാഷ്‌ട്രീയമാണ് ഇവർ വെച്ചുപുലർത്തുന്നത് എങ്കിൽ പ്രത്യേകിച്ചൊന്നും പ്രതികരിക്കാനില്ല. എന്നാൽ ഇന്ത്യയുടെ അഖണ്ഡതയെയും, പരമാധികാരത്തെയും വെല്ലുവിളിക്കുന്ന ഇത്തരം ശ്രമങ്ങൾ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിൽ തുടർച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങൾക്കെതിരെയും അരിന്ദംബാഗ്ചി പ്രതികരിച്ചു.
അഫ്ഗാനിൽ ഉണ്ടാകുന്ന ഭീകരാക്രണങ്ങളെയെല്ലാം അപലപിക്കുന്നു. അഫ്ഗാനിലെ സ്ഥിതിഗതികൾ ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യുക്രെയിനിലേക്ക് സഹായവുമായി പോകുന്ന വിമാനം രാജ്യത്ത് ഇറക്കാൻ ജപ്പാൻ അനുവാദം ആരാഞ്ഞിട്ടുണ്ട്. മുംബൈയിൽ വിമാനം ഇറക്കാനാണ് അനുമതി ആവശ്യപ്പെട്ടത്. ഇതിന് ഇന്ത്യ അനുമതി നൽകിയിട്ടുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.
പാകിസ്താൻ സന്ദർശനത്തിനായി എത്തിയപ്പോഴാണ് ഒമർ പാക് അധീന കശ്മീരിൽ എത്തിയത്. നാല് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഒമർ പാകിസ്താനിൽ ഉള്ളത്.
Comments