കണ്ണൂർ: ഓവർ ടേക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞ സംഭവങ്ങളിൽ പ്രതി പിടിയിൽ. ചാല ഈസ്റ്റ് പൊതുവാച്ചേരി റോഡിൽ വാഴയിൽ വീട്ടിൽ ഷംസീറാണ് പിടിയിലായത്. തന്റെ ബൈക്കിനെ ഏതെങ്കിലും വാഹനം ഓവർടേക്ക് ചെയ്താൽ ഷംസീർ കല്ലെറിയും. ആംബുലൻസടക്കം ഏഴ് വാഹനങ്ങളാണ് ഷംസീറിന്റെ കല്ലേറിന് ഇരയായത്. ബൈക്കിന് മുന്നിലെ ബാഗിലാണ് ഷംസീർ കല്ലുകൾ സൂക്ഷിച്ചിരുന്നത്.
സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് ഷംസീറിനെ അറസ്റ്റ് ചെയ്തത്. മത്സ്യവിൽപനക്കാരനാണിയാൾ. ഇയാൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. താണ സ്വദേശിയായ തസ്ലീം സഞ്ചരിച്ച കാറിന് നേരെ ഇയാൾ കല്ലേറിഞ്ഞിരുന്നു. തസ്ലീമിന്റെ കാറിന്റെ ചില്ല് തകർന്നു. ഇതേ തുടർന്ന് തസ്ലീം കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസീർ പിടിയിലായത്.
ഇയാൾക്കെതിരെ ഏഴ് പരാതികൾ ലഭിച്ചതായും പോലീസ് അറിയിച്ചു. വ്യക്തി വൈരാഗ്യം ഇല്ലാത്തവരെയാണ് ഷംസീർ ആക്രമിച്ചിട്ടുള്ളത്. അതിനാൽ ഇയാളുടെ മാനസികനില പരിശോധിക്കണെന്ന് പോലീസ് പറയുന്നു.
Comments