തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രിക്കുമെന്ന് കെഎസ്ഇബി. 15 മിനിറ്റ് നേരമുള്ള വൈദ്യുതി നിയന്ത്രണം ഇന്ന് കൂടി തുടരുമെന്ന് കെഎസ്ഇബി ചെയർമാൻ ബി. അശോക് അറിയിച്ചു. നിലവിൽ രാജ്യത്ത് ഏറ്റവും കുറവ് വൈദ്യുതി പ്രതിസന്ധിയുള്ള സംസ്ഥാനം കേരളമാണ്. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് തിരിച്ചുവരാൻ പോകുന്നുവെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.
വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കണം. 20 രൂപ നിരക്കിൽ പ്രതിദിനം 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതോടെ 50 കോടി രൂപയുടെ വരെ കടബാദ്ധ്യതയാണ് കെഎസ്ഇബിയ്‌ക്കുണ്ടാവുക. ഉപഭോക്താക്കളുടെ താത്പര്യം കണക്കിലെടുത്ത് ഈ ബാദ്ധ്യത ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇത് മെയ് 31 വരെ തുടരുമെന്നും അശോക് അറിയിച്ചു. രാത്രി ആറരയ്‌ക്കും 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.
കഴിഞ്ഞ വർഷത്തെ പോലെ ചെറിയ തോതിലുള്ള വൈദ്യുതി നിയന്ത്രണമാണ് ഏർപ്പെടുത്തുന്നതെന്നും അശോക് വ്യക്തമാക്കി. നിലവിൽ യൂണിറ്റിന് പരമാവധി 12 രൂപവരെ മുടക്കാനാണ് തീരുമാനമുള്ളത്. ദേശീയ തലത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായാൽ നിയന്ത്രണം അടക്കമുള്ള മറ്റുവഴികൾ തേടേണ്ടി വരുമെന്നും അശോക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്നലെയും സംസ്ഥാനത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
Comments