തിരുവനന്തപുരം : സെക്രട്ടറിയേറ്റിൽ ബോംബുവെച്ചതായി ഭീഷണി സന്ദേശം. ഇന്നലെ രാത്രി 11.30 യോടെയാണ് സെക്രട്ടറിയേറ്റിലേക്ക് ഫോൺ സന്ദേശം എത്തിയത്. ഇതേ തുടർന്ന് പോലീസും ബോംബ് സ്ക്വാഡും എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
സെക്രട്ടറിയേറ്റിന് മുൻപിലും പരിസരങ്ങളിലുമാണ് പരിശോധന നടത്തിയത്. കന്റോൺമെന്റ് സിഐ അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാൽ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താത്തതിനാൽ ലഭിച്ചത് വ്യാജ സന്ദേശമാണെന്ന് വ്യക്തമായി. സെക്രട്ടറിയേറ്റിലെ എല്ലാ മുറികളും പരിശോധിച്ച ശേഷമായിരുന്നു പോലീസ് സംഘം മടങ്ങിയത്.
മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം. ഇയാൾ കസ്റ്റഡിയിൽ ആയതായും സൂചനയുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിന് മുൻപിലെ സുരക്ഷ വർദ്ധിപ്പിച്ചു.
Comments