ജോലി ചെയ്താൽ കൂലി ലഭിക്കുക എന്നത് സ്വാഭാവികമായ കാര്യമാണ്. ചെയ്യുന്ന ജോലിയ്ക്ക് അനുസരിച്ച് ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തിലും ഏറ്റക്കുറച്ചിൽ ഉണ്ടാവും. സാധാരണ കൂലി പണിക്കാരന് കിട്ടുന്ന പ്രതിഫലമായിരിക്കില്ല ഏതെങ്കിലും കമ്പനിയുടെ തലപ്പത്ത് ഇരിക്കുന്നയാൾക്ക് കിട്ടുന്നത്. എന്താണ് പ്രതിഫലമായി ലഭിക്കുന്നത്? എന്തൊരു ചോദ്യം അല്ലേ പണം തന്നെ.
എന്നാൽ പണത്തിന് പകരം മറ്റെന്തങ്കിലും വസ്തു പ്രതിഫലമായി ലഭിച്ചാലോ? ഹേ? സാധനങ്ങളും മറ്റും പ്രതിഫലമായി നൽകിയിരുന്ന നൂറ്റാണ്ടിൽ നിന്ന് നമ്മൾ എപ്പോഴോ വണ്ടി പിടിച്ചിങ്ങെത്തിയില്ലേ എന്നാണ് ചോദ്യമെങ്കിൽ പണത്തിന് പകരം മറ്റൊരു സാധനം ജോലിക്കാർക്ക് പ്രതിഫലമായി നൽകാനൊരുങ്ങുകയാണ് ഒരു കമ്പനി.
എന്താണാ സാധനമെന്നും ഏതാണാ കമ്പനിയും എന്നല്ലേ? റ്റാലി മണി എന്ന ഇഗ്ലണ്ടിലെ ഒരു കമ്പനിയാണ് തങ്ങളുടെ ജീവനക്കാർക്ക് പണം പ്രതിഫലം നൽകാതിരിക്കുന്നത്. പകരം എന്താണ് നൽകുന്നതെന്നല്ലേ? സ്വർണം. അതെ സ്വർണമാണ് റ്റാലി മണി സ്വന്തം ജോലിക്കാർക്ക് നൽകുന്നത്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പണപ്പെരുപ്പം ഉയർന്നു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഇത് എന്തു കൊണ്ടും മികച്ച രീതിയാണെന്ന് കമ്പനി സിഇഒ കാമറൂൺ പാരി പറയുന്നു. 20 ജീവനക്കാരാണ് നിലവിൽ ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്.
പണപ്പെരുപ്പം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ പണമായി ശമ്പളം നൽകുന്നത് അനുയോജ്യമല്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്നും പാരി പറയുന്നു. ജീവിതച്ചെലവു തന്നെ കണ്ടെത്താനാകാത്ത നിലവിലെ സാഹചര്യത്തിൽ യുകെ കറൻസിയായ പൗണ്ടിൽ ശമ്പള വർദ്ധനവ് നൽകുന്നതു കൊണ്ട് അർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ സ്കീമിന്റെ പരീക്ഷണ ഘട്ടത്തിൽ കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പിന്നീട് മുഴുവൻ ജീവനക്കാർക്കുമായി ഈ നയം വിപുലീകരിക്കാനാണ് നീക്കം. സ്വർണ്ണത്തിൽ ശമ്പളം വാങ്ങണോ അതോ പണമായിത്തന്നെ വാങ്ങണോ എന്നത് ജീവനക്കാർക്ക് തീരുമാനിക്കാം.സ്വർണ്ണത്തിൽ ശമ്പളം നൽകുക എന്നാൽ ലോഹക്കഷണങ്ങൾ നൽകുന്നു എന്ന് അർഥമില്ല. പകരം, നിലവിലെ സ്വർണ്ണം-പൗണ്ട് നിരക്ക് അടിസ്ഥാനമാക്കി അവർക്ക് പണം പിൻവലിക്കാൻ കഴിയും.
Comments