കുടക്: കർണാടകയിലെ മടിക്കേരി മേഖലയിലെ വനവാസികളെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് മലയാളികൾ പിടിയിൽ. ദമ്പതികളായ കുര്യച്ചൻ (62), സെലീനാമ്മ (57) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവർ മാനന്തവാടി സ്വദേശികളാണ്. അറസ്റ്റിലായ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വനവാസി വിഭാഗത്തിൽ ഉൾപ്പെട്ട പണിയറവര മുത്തയേയും കുടുംബത്തേയും വീട്ടിൽ സന്ദർശിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇതിനായി ചൊവ്വാഴ്ച വൈകിട്ട് മലയാളി ദമ്പതികൾ കുടകിലുള്ള കുട്ട പ്രദേശത്തെ ആദിവാസി കോളനിയിൽ എത്തി. മതപരിവർത്തനത്തിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് ദമ്പതികൾ എത്തിയത്.
എന്നാൽ സംഭവം പ്രദേശത്തെ ഹിന്ദുസംഘടനകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ദമ്പതികളുടെ പക്കൽ ഇതുവരെ മതപരിവർത്തനം ചെയ്തവരുടെ പട്ടിക ഉണ്ടായിരുന്നതായി ബജ്‌റംഗ് ദൾ പ്രവർത്തകനായ സജ്ജൻ ഗണപതി പ്രതികരിച്ചു. ഇവയെല്ലാം പോലീസിൽ ഏൽപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കർണാടകയിലെ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
കുട്ട പ്രദേശത്ത് മാത്രം ഇതുവരെ ആയിരത്തോളം പേരെ ദമ്പതികൾ മതപരിവർത്തനം ചെയ്തുവെന്നാണ് വിവരം. യേരവ സമുദായത്തിൽപ്പെട്ടവരെയാണ് ദമ്പതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും സൂചനയുണ്ട്.















